സ്ത്രീ
- Poetry
- Basil Paul
- 18-Oct-2017
- 0
- 0
- 1213
സ്ത്രീ

അരുതെ'ന്നുരത്ത് നീ കേണെങ്കിലും നിന്നിൽ
അരുതാത്ത'തന്നവർ ചെയ്തു, നിന്നെ
കരുവാക്കി അമ്പേറെ എയ്തു.
ഒരു കുഞ്ഞു പൂവൊരു പേക്കാറ്റിലെന്ന പോൽ
അരുമയാം നീയന്ന് വീണു, ചെന്ന്
തെരുവിന്റെ മാറിലമർന്നു.
ജനിമൃതിക്കിടയിലാ പാലത്തിലൊരു കുറെ
കനിവിന്റെ നീരിനായ് കേണു, പിന്നെ
ഇനിയില്ല നീയെന്നറിഞ്ഞു.
കനവിന്റെ കണ്ണിനാൽ കാണുന്നു നിന്നെയീ
നിനവിന്റെ തോഴനാം ഞാനും നിന്നെ
നിനവാലെ കാണുന്നു ഞാനും
അറിയുക സോദരീ നീ പോയി നീങ്ങിലും
മുറിവേറെ ബാക്കിയായ് പിന്നിൽ, നീറി
പുകയുന്നു നോവേറെ കണ്ണിൽ
നനവില്ല മണ്ണിലീ, നാടിന്റെ മക്കളിൽ
കനവുകൾ പോലുമില്ലിവിടെ, പൊങ്ങി
ഉയരുന്നു കോപാഗ്നിയിവിടെ
നിയമങ്ങളുണ്ടതിൻ പാതകളെപ്പൊഴും
നിയതമല്ലാത്തതാ തന്നെ, കാറ്റിൽ
ആടുന്ന ചെറുമരം തന്നെ.
കഴുകന്മാരൊക്കെയും വാഴുന്നു മണ്ണിതിൽ
അഴുകിയ വീഥികൾ നീളെ, ആരും
തടയുവാനില്ലാതെ തീരെ
പെണ്ണായ് പിറന്നവർക്കാശ്രയമൊട്ടില്ല
അമ്മയ്ക്കുമില്ലതിൽ ഭേദം സ്വന്തം
പെങ്ങൾക്കും കാണില്ല, ഖേദം.
ഉയരുക ജ്യോതി, നീ ഉയിരെടുത്തിവിടെയീ
ഉയിരുകളമരുന്ന മണ്ണിൽ, പെണ്ണിൻ
ഉടലുകളുഴറുന്ന മണ്ണിൽ.
ഇനിയൊരു ജ്യോതിയും തളരാതിരിക്കണം
ഇടറാതെ, വീഴാതിരിക്കണം, വീണ്ടും
ഇരകളായ് മാറാതിരിക്കണം
അതിനായി ഉണരുക ലോകമേ ഒന്നാകെ
അവളെന്നും പെങ്ങളെന്നോർക്കൂ, മനക്കണ്ണിൽ
അതിരറ്റു വാൽസല്യം തീർക്കൂ.
- ബേസിൽ പോൾ
എഴുത്തുകാരനെ കുറിച്ച്

will update soon
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login