LAND PHONE Part -3
- Stories
- SREEHARI.P
- 07-May-2020
- 0
- 0
- 1500
LAND PHONE Part -3

ലാന്‍ഡ് ഫോണ്‍
ഭാഗം : മൂന്ന്
രചന : ശ്രീഹരി എവറസ്റ്റ്
" അതേതാ ആ ഓടിപ്പോയ പെണ്‍കുട്ടി...?? ".
" ആ...എനിക്ക് അറിയില്ല" അവന് പറഞ്ഞു. അവനെ പറഞ്ഞിട്ടും കാര്യമില്ല പെണ്കുട്ട്യോള്ടെ കാര്യത്തില്‍ എനിക്കുള്ള ഉത്കണ്ഠ എല്ലാവര്ക്കും ഉണ്ടാവണമെന്നില്ലല്ലോ എന്നോര്‍ത്ത് ഞാനും സമാധാനിച്ചു....! മഴക്കാറ് നിറഞ്ഞു നില്ക്കുന്ന ആകാശവും നോക്കി കുട്ടൂസന്റെ കാലത്തുള്ള ആ ജനലിന്റെ തൊട്ടടുത്ത് ഞാനങ്ങിനെ തണുത്ത കാറ്റും ആസ്വദിച്ച് ഇരിക്കുകയായിരുന്നു.അപ്പോഴാണ് പുറത്തേക്ക് പോയ ആ പെണ്‍കുട്ടി തിരികെ എത്തിയത്.എന്നെ ഇടിച്ചിട്ട് പോയ പെണ്ണിനെ ഒന്ന് കണ്ടിട്ട് തന്നെ കാര്യമെന്ന് കരുതി ഞാനും നോക്കി.കാണാന്‍ സുന്ദരിയാണ്....!
ഇടവേള ആയപ്പോള്‍ ഞാനൊന്ന് കാറ്റ് കൊള്ളാന്‍ ഇറങ്ങി.ഹൈസ്കൂള്‍ കെട്ടിടത്തിന് തൊട്ടടുത്തായി ഒരു പൊളിഞ്ഞ് വീഴാറായ ഇരുമുറി കെട്ടിടമായിരുന്നു ഹയര്‍ സെക്കന്ററിയുടേത്.വലിയ ഗ്രൗണ്ടിന്റെ ഒരു വശത്തായിട്ടാണ് ഹൈസ്കൂള്‍ ഉള്ളത്.തൊട്ടുമുന്നില്‍ അതികായനായ ഒരു കാഞ്ഞിരമരം നിവര്‍ന്ന് നില്‍പ്പുണ്ടായിരുന്നു.ഗ്രൗണ്ടിന്റെ മറുവശത്ത് ഗേറ്റിന് അരിക്കിലായി രണ്ട് വലിയ തണല്‍ മരങ്ങളും ഉണ്ട്.തണല്മരത്തിനോട് ചേര്‍ന്ന് തന്നെ ഒരു കൊന്നമരവും ഉണ്ട്.അവിടെ ഉള്ള എല്ലാ മരങ്ങളും വളരെയേറെ പ്രായം തോന്നിക്കുന്നവയാണ്.തുരുമ്പെടുത്ത് പഴക്കം ചെന്ന ഒരു ഗേറ്റാണ് സ്കൂളിനെ പൊതുഇടത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ഒന്നായി ആകെ ഉള്ളത്....
" ഇടവേള കഴിഞ്ഞെന്ന് തോന്നുന്നു ഞാന്‍ എന്തായാലും ക്ലാസിലേക്ക് പോകട്ടെ....ഉച്ചയ്ക്ക് കാണാം....! ".പരിചയപ്പെട്ട മരങ്ങളോട് ഒരു കള്ളച്ചിരിയും പാസ്സാക്കി ഞാന്‍ തിരികെ നടന്നു.
ഇത്തവണ ഞാന്‍ ധൃതി കാണിച്ചില്ല....എങ്ങാനും ഒരു ' വണ്ടി 'കൂടെ വന്ന് ഇടിച്ചിട്ട് പോയാല്‍ എന്റെ ഉള്ള മാനം കൂടെ പോകുമെന്നും കരുതി ഞാന്‍ മെല്ലെ ക്ലാസിലേക്ക് കയറിയിരുന്നു.ക്ലാസിലേക്ക് കയറി വന്നത് കണക്ക് മാഷാണ്.രാജേഷ്, കാണാന്‍ ഇത്തിരി ഉയരം കുറവാണ് എന്നാലും കുഴപ്പമില്ല ബോര്‍ഡില്‍ എഴുതാന്‍ പാകത്തില്‍ ഉള്ള പൊക്കമൊക്കെ ഉണ്ട്....! ക്ലാസ് തുടങ്ങി.നല്ല അധ്യാപന ശൈലിയാണ് മാഷിന്റെ പ്രത്യേകത.ആദ്യദിവസം തന്നെ മൂപ്പരെ എനിക്ക് നന്നായി ബോധിച്ചു.ഇതുവരെ കണക്കിനോട് നീതി പുലര്‍ത്താത്ത ഞാന്‍ അങ്ങനെ കണക്കിനെ ഇഷ്ടപ്പെട്ട് തുടങ്ങി.ബെല്ലടിക്കേണ്ട താമസം ക്ലാസിലേക്ക് കയറിവന്നത് സന്ദ്യ ടീച്ചറാണ്." എന്താണിത് റോക്കറ്റോ...?? " മുതുക്കന് പിറുപിറുത്തു....ഇംഗ്ലീഷില്‍ താന്‍ ഒട്ടും പിന്നോട്ടില്ലെന്ന മട്ടില്‍ ആയിരുന്നു ടീച്ചറുടെ പെര്‍ഫോമെന്‍സ്.തുറന്ന് വച്ച ഒരു റേഡിയോ കേട്ട് ആസ്വദിക്കുന്ന ഭാവത്തില്‍ ഇരിക്കുകയായിരുന്ന എന്നെ സ്വപ്നം കാണുകയാണെന്നും പറഞ്ഞ് മുന്നിലെത്തിക്കാന്‍ അത്ര താമസം ഉണ്ടായിരുന്നില്ല.അങ്ങനെ നാലാം ബെഞ്ചിലിരുന്ന എന്നെ പഠിപ്പി കുഞ്ഞുങ്ങളുടെ ഒപ്പം ഇരുത്തി ടീച്ചറൊരു മാതൃകയായി....!
ഉച്ചഭക്ഷണത്തിന് സമയമായി.....
കൈകള്‍ കഴുകുവാന്‍ ഒരുക്കിയിരുന്ന സ്ഥലം ഹൈസ്കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്നാണ്.വൃത്തിയും വെടിപ്പുമുള്ള സ്ഥലം ഒക്കെ തന്നെയാണെന്നാലും കാലപ്പഴക്കം മാത്രമായിരുന്നു അവിടെ ഒട്ടും അനുയോജ്യമല്ലാതെ രീതിയില്‍ എനിക്ക് തോന്നിയിരുന്നത്.കൈ കഴുകി തിരിച്ചുവരുമ്പോള്‍ എന്നെ അനുഗമിക്കാന്‍ രണ്ടുപേര്‍ കൂടെ ഉണ്ടായിരുന്നു അക്ഷയും പിന്നെ നന്ദുവും.ക്ലാസിലെത്തി ഭക്ഷണപ്പൊതി തുറന്നപ്പോഴേക്കും തേനീച്ചക്കൂട്ടം പോലെ ഒരു കൂട്ടം എന്നെ പൊതിഞ്ഞു......!
മുന്‍പ് ഇതുവരെ തോന്നാത്ത ഒരു അനുഭൂതിയായിരുന്നു എനിക്ക് ആ ഒരു സംഭവം തന്നത്.എന്റെ ഇംഗ്ലീഷ് സ്കൂളില്‍ എങ്ങും കണ്ട് ആസ്വദിക്കാത്ത കാഴ്ചകളായിരുന്നു ഇവിടെ എനിക്ക് വേണ്ടി ഒരുങ്ങി നിന്നിരുന്നത്.....പിന്നെ ഒന്നും നോക്കിയില്ല ജീവിതത്തില്‍ ഇനി സര്‍വ്വതും ആനന്ദം എന്ന ആശയം മനസ്സില്‍ കല്പിച്ച് ഞാന്‍ കൊണ്ടുവന്ന ഭക്ഷണമൊക്കെയും കൂട്ടുകാര്‍ക്ക് ഒത്ത് വീതിച്ചു.അവരുടെ സന്തോഷം കണ്ട് ഞാനും അത് ആസ്വദിച്ചു.....!
ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകി നേരെ ഹയര്‍ സെക്കന്ററി കെട്ടിടത്തിന്റെ കാടുപിടിച്ച പിന്നാമ്പുറത്തേക്ക് പോയി.അവിടെ ആകെ കാണാനുണ്ടായിരുന്നത് കരിപിടിച്ച മണ്ചുവരോട് കൂടിയ ഒരു കെട്ടിടമാണ്.ഒരുഭാഗത്ത് നിന്നും പുക ഉയരുന്നതും കാണുന്നുണ്ട് അതുപോലെ തന്നെ പാത്രങ്ങളുടെ തട്ടും മുട്ടും നല്ലപോലെ കേള്‍ക്കാം.ഇതൊക്കെ കണ്ട എന്റെ ധാരണയോ അതായിരുന്നു സ്കൂളിന്റെ പാചകപ്പുരയെന്നും....!
പക്ഷേ അങ്ങനെ ആയിരുന്നില്ല.അതൊരു ഹോട്ടല്‍ കെട്ടിടമായിരുന്നു.സ്കൂള്‍ പണിത കാലത്ത് തന്നെ ഉണ്ടായിരുന്ന ഹോട്ടലിനെ ഹയര്‍ സെക്കന്ററി വന്നതോടെ കാന്റീനുമാക്കി വിപുലീകരിച്ചു.പടിവാതില്ക്കല് എത്തിയ ഞാന്‍ അവിടെ നിന്ന് ആ കെട്ടിടത്തിനെ ഒന്ന് സശ്രദ്ധം നിരീക്ഷിച്ചു." എന്താടോ നിന്ന് ആലോചിക്കുന്നത്....ഇങ്ങട് കയറി ഇരിക്ക്....കുട്ട്യോള്‍ക്ക് വേണ്ടിട്ടല്ലേ രാമേട്ടനീ ബെഞ്ച് ഒക്കെ ഇവിടെ ഇട്ടിരിക്കുന്നത്....".രാമേട്ടന്, കാന്റീന് ഉടമയാണ് അതിലുപരി ലക്ഷണമൊത്ത ഒരു ഹോട്ടല്‍ ജീവനക്കാരനും." ആ രാമേട്ടാ...ഇരിക്കാലോ ". അദ്ദേഹത്തിന്റെ ആ സൗമ്യതയോടെ ഉള്ള പെരുമാറ്റം കണ്ടപ്പോള്‍ മിണ്ടാതിരിക്കാന്‍ തോന്നിയില്ല.പ്രത്യേകിച്ച് എല്ലാവരോടും മിണ്ടാന്‍ കൊതിക്കുന്ന പ്രാകൃതം പണ്ടേ എനിക്കില്ലായിരുന്നു.....!
ബെഞ്ചില്‍ ഇരുന്നപ്പോഴാണ് മുന്‍വശത്തെ വാതില്‍ കണ്ടത്.ഒരു കാര്യം ശ്രദ്ധിച്ചാല്‍ പിന്നെ അത് നിരീക്ഷിക്കുക എന്റെ പതിവായിരുന്നത് കൊണ്ട് പോയി നോക്കി.മുന്‍വശത്ത് ഒരു റോഡ് കാണാം അത് അമ്പലം റോഡാണ്.ഒരു സൂചനയെന്ന പോലെ അലാറം അടിക്കുന്ന ശബ്ദം കുറച്ചുദൂരെ നിന്ന് കേള്‍ക്കാമായിരുന്നു.ഗേറ്റ് അടക്കുന്നതിന് മുന്‍പുള്ള അലാറമല്ലേ അത്.ഞാന്‍ മറുവശത്തെ റോഡിലൂടെ നടന്നു.വാഹനങ്ങളുടെ ഒരു നീണ്ട നിര എനിക്ക് മുന്പില് ഉണ്ടായിരുന്നു.അരികിലായി നടന്ന് ഞാന്‍ ഗേറ്റിന് തൊട്ടടുത്തെത്തി....ഒട്ടും വൈകാതെ തന്നെ ചൂളം വിളിച്ച് തീവണ്ടിയെത്തി.വലത്തോട്ട് എത്തി നോക്കിയാല്‍ നേരെ കാണുന്നത് റെയില്‍വേ സ്റ്റേഷനാണ്.....! വണ്ടിഭ്രാന്ത് അത്യാവശ്യം ഉള്ളത് കൊണ്ട് തന്നെ തീവണ്ടിയെ ഞാന്‍ മതിമറന്ന് നോക്കി നിന്നു.തീവണ്ടിയുടെ സൗന്ദര്യവും ആസ്വദിച്ച് ഞാന്‍ അങ്ങനെ തിരിഞ്ഞുനടന്നു.....അകലെ എത്തിയപ്പോള്‍ " അപ്പോ ശെരി.പിന്നെ കാണാം..." എന്ന് അവന് എന്നോട് പറയുന്നുണ്ടായിരുന്നു.ഹൈസ്കൂള്‍ കെട്ടിടത്തിന്റെ പിന്‍വശത്ത് എത്തിയപ്പോള്‍ ഇവിടെ ഉള്ള അലാറവും മുഴങ്ങി.ഞാന്‍ തിരികെ ക്ലാസില്‍ കയറി ഇരുന്നു.ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരച്ച് നീങ്ങുന്നത് കാണുകയായിരുന്നു ഞാന്‍.അപ്പോഴും ആ ചൂളം വിളി മാത്രമായിരുന്നു മനസ്സിലാകെ....!
വൈകുന്നേരമായി.....
ചാറ്റല്‍ മഴയുണ്ട്.എല്ലാവരും ഇറങ്ങിയതിന് ശേഷമാണ് ഞാന്‍ ഇറങ്ങിയത്.പുറത്തേക്കിറങ്ങിയതും എന്നെ ഇടിച്ച് വീഴ്ത്തിയ ആ പെണ്‍കുട്ടി തൊട്ടുമുന്നില്‍.നില്‍പ്പ് കണ്ടിട്ട് എന്താ കാര്യമെന്ന് എനിക്ക് മനസ്സിലായിരുന്നു.ഒട്ടും മടിയില്ലാതെ ഞാന്‍ അവളോട് അപ്പോള്‍ തന്നെ അത് ചോദിച്ചു......!
( തുടരും...)
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ ശ്രീഹരി.പി.കണ്ണൂര്‍ ജില്ലയിലെ വടേശ്വരം എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നു.കണ്ണൂരിലെ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം ചിറക്കല്‍ രാജാസിലായിരുന്നു.ഇപ്പോള്‍ പയ്യന്നൂര്‍ ശ്രീനാരായണ ഗുരു എന്‍ജിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം ബിരുദ വിദ്യാര്‍ത്ഥിയാണ്.ചിത്രരചനയും എഴുത്തുമാണ് ഏറെ പ്രിയം.എന്റെ ആദ്യത്തെ നോവലാണ്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login