ഒന്നും ഒന്നും...
- Stories
- Dr. RenjithKumar M
- 26-Jul-2019
- 0
- 0
- 1435
ഒന്നും ഒന്നും...

തകൃതിയായി കണക്ക് ക്ലാസ്സ് നടക്കുകയാണ്...
ഒറ്റ സംഖ്യകളുടെ കൂട്ടൽ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഇരട്ട സംഖ്യകളുടെ കൂട്ടലിലേക്ക് കടന്നിരിക്കുകയാണ്..
ഇരട്ട സംഖ്യകൾ എങ്ങനെയാണ് എഴുത്തികൂട്ടേണ്ടത് എന്ന് ഞാൻ ബോർഡിൽ എഴുതിക്കാണിച്ച് കുറച്ചു "ഓമനക്കുട്ടികളെ" വിളിച്ചു വരുത്തി ബോർഡിൽ എഴുതിച്ചു...എല്ലാരും വിജയകരമായി മിഷൻ പൂർത്തിയാക്കി.
ഒരു ലെഫ്റ്റനന്റ് കേണൽ ബ്രിഗേഡിയറുടെ തലയെടുപ്പോടെ അടുത്ത ചോദ്യം ബോർഡിൽ ഞാൻ എഴുതിയിട്ടു, 71+21...
കുട്ടികൾ എല്ലാം കുനിഞ്ഞിരുന്നു നോട്ട് ബുക്കിൽ കണക്ക്കൂട്ടിത്തുടങ്ങി.
ഞാൻ ഒരു ചൂരൽ വടി, ഏകെ 47 തോക്ക് പിടിച്ചിരിക്കുന്നത് പോലെ തോളിലേക്ക് ചരിച്ചുപിടിച്ചു തലയുയർത്തി ഒരു ബ്രിഗേഡിർ നടക്കുന്ന പോലെ അവർ ഇരിക്കുന്നതിന്റെ വശത്തുകൂടി നടന്നു.
പുറകിലത്തെ മൂലക്ക് എത്തിയപ്പോൾ ഒരു മഹതി ഇരുന്നു പരങ്ങുന്നു. എന്നെ കണ്ടപ്പോൾ അവളുടെ പരുങ്ങൽ കൂടി.
ഞാൻ പതിയെ തോക്ക് അഥവാ വടി ജനാലയുടെ പടിയിലേക്ക് ചാരി വച്ചിട്ട്, പുഞ്ചിരിച്ച മുഖത്തോടെ, ആ കുട്ടിയുടെ ബുക്ക് എടുത്തു (അഥവാ ഇനി പേടികൊണ്ട് ഉത്തരം എഴുതാൻ പറ്റാത്തത് ആണെങ്കിലോ...)
ബോർഡിൽ എഴുതി ഇട്ടത് അവള് ഭംഗിയായി നോട്ട്ബുക്കിൽ പകർത്തിയിട്ടുണ്ട്.
"ആഹാ... കൃത്യമാണല്ലോ. ഇനി ഒറ്റയുടെ സ്ഥാനത്തുള്ള അക്കങ്ങൾ കൂട്ടൂ...ഒന്നും ഒന്നും...." ഞാൻ വളരെ സ്നേഹത്തോടെ പറഞ്ഞു.
അവള് വീണ്ടും ഇരുന്നു പരുങ്ങുകയാണ്...
ഞാൻ തികഞ്ഞ സ്നേഹത്തോടെ, വളരെ തന്മയത്തത്തോടെ അവളോട് പറഞ്ഞു. "നമുക്ക് ഒരു കാര്യം ചെയ്യാം...വിരല് വെച്ച് കൂട്ടാം."
ഒരു സമാധാനം കിട്ടിയതുപോലെ അവള് തലയാട്ടി.
" ശരി, കൈ നീട്ടി ക്കെ..." ഞാൻ അവളുടെ രണ്ടു കൈപ്പത്തിയിലും പിടിച്ചു. ഓരോ കയ്യിലെയും ബാക്കി നാല് വിരലുകളെ മടക്കിയിട്ട് ചൂണ്ടുവിരൽ മാത്രം ഉയർത്തി നിർത്തിച്ചു. ഞാൻ തുടർന്നു.
"ശരി, ഇനി ആ രണ്ടു വിരലുകളും ചേർത്തു വച്ചിട്ട് നോക്കൂ... എന്നിട്ടു് പറയൂ, ഒന്നും ഒന്നും...?"
അവള് 2 വിരലുകളും എനിക്ക് നേരെ ഉയർത്തി. ആ രണ്ടു വിരലുകൾക്കിടയിൽ കൂടി അവൾക്ക് എന്നെ കാണാം. ഉത്തരം കണ്ടുപിടിച്ചതിന്റെ സന്തോഷം അവളുടെ മുഖത്തു, എനിക്ക് ആ വിരലുകൾക്കിടയിലൂടെ കാണാം.
" മ്...പറയൂ..." ഞാൻ പ്രോത്സാഹിപ്പിച്ചു. എനിക്ക് നേരെ ഉയർന്നിരിക്കുന്ന സ്വന്തം ചൂണ്ടു വിരലുകളെ നോക്കിക്കൊണ്ട് അവള് പ്രസന്നവദയായി ചുണ്ടുകൾ ചലിപ്പിച്ചു...
"പതിനൊന്നു...."
ക്ലാസ്സ് ആകെ നിശബ്ദമായി. അതിർത്തിയിൽ പെയ്തിറങ്ങുന്ന മഞ്ഞിൽ ബ്രിഗേഡിയരുടെ രക്തം തണുത്തുറയുന്നതു പോലെ എന്റെ രക്തയോട്ടം നിലച്ചു. ഞാൻ തിരികെ നടന്നു കസേരയിൽ വന്നിരുന്നു. ജനാലയിൽ ചാരിവച്ചിരുന്ന എന്റെ ഏകെ 47 എടുക്കാനും മറന്നു.
ഇല്ല, കുട്ടിയെയും കുറ്റം പറയാൻ പറ്റില്ല. രണ്ടു ചൂണ്ടു വിരലുകൾ ചേർത്ത് വച്ച് നോക്കിയാൽ പതിനൊന്നു എന്നും വായിക്കാം...
എങ്കിലും എന്റെ മനസ്സും ശരീരവും അവള് ഉയർത്തി നിർത്തിയ ആ രണ്ടു ചൂണ്ടു വിരലുകൾക്കിടയിൽ ഞെരിഞ്ഞു അമരുന്നുണ്ടായിരുന്ന്.
എം. രഞ്ജിത്ത് കുമാർ
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login