കാവല്‍നക്ഷത്രം
- Stories
- Jayaraj Parappanangadi
- 15-Feb-2019
- 0
- 0
- 1198
കാവല്‍നക്ഷത്രം

ദിവസങ്ങളായുള്ള നീറിപ്പുകച്ചിലിനൊടുവിൽ ഉറച്ചൊരു തീരുമാനമെടുത്ത് രാജീവ് ദീപയേയും അപ്പുവിനേയും കൂട്ടി യദു പറഞ്ഞ പാർക്കിലേയ്ക്ക് നീങ്ങി....
തീർത്തും മൗനം തളം കെട്ടിയ ആ യാത്രയില്‍ മനസ്സിന്റെ കണ്ണാടിയിലൂടെ പിന്നോട്ടു നോക്കിയ രാജീവ് കഴിഞ്ഞ സംഭവങ്ങളെല്ലാം ഒരിയ്ക്കൽക്കൂടിയോർത്തു ...
പെയ്തു തളർന്നൊരു മഴക്കാലരാത്രിയിലാണ് അമ്മാവൻ പെട്ടന്ന് വീട്ടിലെത്തണമെന്ന് പറഞ്ഞ് അമ്മയെക്കൊണ്ട് വിളിപ്പിച്ചത്...
അന്ന് തറവാട്ടിലേയ്ക്ക് കയറുമ്പോള്‍ അവിടെയുള്ളവരുടെ മുഖം ഒരു പെരുമഴയ്ക്ക് കാത്തിരിയ്ക്കുന്നതുപോലെയാണ് രാജീവിന് തോന്നിയത്....
കാരണം കേട്ടപ്പോള്‍ അവനും തളർന്നുപോയി...
ഡിഗ്രിക്കു പഠിയ്ക്കുന്ന അമ്മാവന്റെ മകൾ ദീപ ആറുമാസം ഗർഭ്ഭിണിയാണ്...
പ്രണയിച്ചവൻ 'ഞാൻ തിരിച്ചുവരില്ല., എന്നെ കാത്തിരിയ്ക്കരുതെ'ന്ന കത്തുമെഴുതി മുങ്ങിയിരിയ്ക്കുന്നു...
അബോർഷന് ചേൻസില്ലാത്തതിനാൽ അവളെ താലികെട്ടി അഭിമാനം രക്ഷിയ്ക്കാൻ അമ്മാവൻ രാജീവിന്റെ കാലു പിടിച്ചു....
പ്രസവിച്ചു കഴിഞ്ഞാൽ കുട്ടിയെ ഞങ്ങള് നോക്കിക്കോളാമെന്ന് വാക്കും കൊടുത്തു...
മോനിതിനു സമ്മതിച്ചില്ലെങ്കില്‍ മരിയ്ക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന ദയനീയശപഥവും കൂടിയായപ്പോൾ .....
വിവാഹ ശേഷം ധൃതിയില്‍ പ്രസവിച്ച ദീപയ്ക്ക് കുഞ്ഞിനെ പിരിയാൻ കഴിയില്ലെന്ന സ്വാഭാവികതയും ദീർഘവീക്ഷകനായ രാജീവ് അംഗീകരിച്ചു...
അപ്പു അയാൾക്ക് മകനെപ്പോലെയല്ല...മകൻ തന്നെയായി...
കൂടെക്കിടക്കലും ഒത്തുചേരലുമൊക്കെയുണ്ടെങ്കിലും അവളിനിയുമൊരു കുഞ്ഞിനെ ആഗ്രഹിച്ചു വരുമ്പൊഴേ തനിയ്ക്കും വേണ്ടതുള്ളൂയെന്ന് രാജീവുമുറപ്പിച്ചു...
അങ്ങിനെയിരിയ്ക്കെ അപ്പുവിന്റെ മൂന്നാം പിറന്നാളിന്റെയന്നാണ് യാതൊരു വിവരവുമില്ലാതിരുന്ന യദുവിന്റെ ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരു കോൾ രാജീവിനു വന്നത് ...
വീട്ടിലവതരിച്ചപ്പോഴുണ്ടായ സങ്കിർണ്ണതകൊണ്ടും അപ്പൊഴത്തെ വിവരമില്ലായ്മയാലുമാണ് നാടുവിട്ടതെന്ന പൂർവ്വകാമുകന്റെ ക്ഷമാപണം.....
ജീവിതമാർഗ്ഗം തേടിയ ബിൽഡിംഗ് വർക്കിനിടയിൽ രണ്ടാം നിലയിൽ നിന്ന് വീണ് ലിംഗക്ഷതം സംഭവിച്ചതിനാൽ ഇനിയൊരു വിവാഹജീവിതത്തിൽ കുട്ടികളുണ്ടാവാനുള്ള സാധ്യതയില്ലെന്നുമുള്ള പശ്ചാത്താപക്കണ്ണീർ....
'ആയതിനാൽ ഇനിയെനിയ്ക്കിത്തിരിയെങ്കിലും പ്രതീക്ഷയോടെ ജീവിയ്ക്കണമെങ്കിൽ എന്റെ കുഞ്ഞിനെ നിങ്ങൾ വിട്ടുതരണ'മെന്ന ഭൂമിയോളം താഴ്ന്ന ഗദ്ഗതം...
യദുവിന്റെ തേങ്ങൽ രാജീവിന്റെ ഹൃദയത്തെ ചുട്ടു പൊള്ളിച്ചു....
ദീപയുമായി സംസാരിച്ചെങ്കിലും അവളതിന് പ്രത്യേകിച്ചൊരു മറുപടിയും നൽകിയില്ല....
അപ്പുവിനെ പിരിഞ്ഞിരിയ്ക്കുന്ന കാര്യം രാജീവിന് ചിന്തിയ്ക്കാവുന്നതിലുമപ്പുറം സങ്കടം ....
പക്ഷേ...സംഗതി നാട്ടിലറിഞ്ഞാൽ അപമാനിതനാവുന്നത് താനാണെന്ന ചിന്തയും അയാളെ ദുഃഖത്തിലാഴ്ത്തി...
അങ്ങിനെയാണ് രണ്ടും കൽപ്പിച്ചൊരു തീരുമാനമെടുത്ത് അയാൾ കുടംബസമേതം യദുവിനടുത്തേയ്ക്ക്....
വൃന്ദാവനത്തിലെ ആളൊഴിഞ്ഞ വട്ടമേശയ്ക്കു ചുറ്റുമിരുന്ന ദീപയുടേയും യദുവിന്റേയും അച്ഛനമ്മമാരെ സാക്ഷിയാക്കി രാജീവ് യദുവിനോടായ് പറഞ്ഞു....
അപ്പു നിങ്ങളുടെ കുഞ്ഞാണെന്നതിൽ യാതൊരു തർക്കവുമില്ല...
വെറും മൂന്നുവയസ്സ് പ്രായമുള്ള അവനെ അമ്മയില്ലാത്ത കുട്ടിയാക്കാൻ നിങ്ങൾക്കെങ്ങിനെയാണ് മനസ്സ് വന്നത് ....
ആയതിനാല്‍ കുഞ്ഞിനെ വേണമെന്നത് നിർബന്ധമാണെങ്കിൽ അവന്റെ
അമ്മയെക്കൂടി നിങ്ങൾ ഏറ്റെടുക്കുക....
ദീപയോടീ നിമിഷം വരെ ഞാനിതു ചോദിച്ചിട്ടില്ല...
ഉചിതമായൊരു തീരുമാനം നിങ്ങൾക്കെടുക്കാം....
ഞാൻ തയ്യാറാണ് ....
യദു അത്യധികം സന്തോഷത്തോടെ മറുചിന്തയില്ലാതെ പറഞ്ഞു...
ദീപയുടെ അച്ഛൻ പ്രത്യേകിച്ചൊന്നും മിണ്ടിയില്ല.....
ദീപയെന്തു പറയുന്നു ?രാജീവിന്റെ മൃദുചോദ്യം.....
അവൾ പതുക്കെ ചുണ്ടുകളടർത്തി...
എനിയ്ക്കുവേണ്ടി അങ്ങെടുത്ത തീരുമാനങ്ങളെന്തെങ്കിലും ഞാനിതുവരെ അംഗീകരിയ്ക്കാതിരുന്നിട്ടുണ്ടോ ?
ആഗ്രഹങ്ങളെല്ലാം മൂന്നുവർഷം മുമ്പേ കുഴിച്ചുമൂടിയ എനിയ്ക്കിനിയെന്തു ജീവിതം...
ആയതിനാലിതും രാജീവേട്ടന്റെയിഷ്ടം പോലെ....
ഇതിനപ്പുറം സമ്മതമെന്നൊരു വാക്ക് ദീപയിൽ നിന്ന് നമ്മൾ പ്രതീക്ഷിയ്ക്കേണ്ടതില്ല...
രാജീവ് തുടർന്നു...
ജീവിതം ഇവിടെ വച്ചുതന്നെ തുടങ്ങിക്കോളൂ...
കഴിഞ്ഞതെല്ലാം എനിയ്ക്കും നിങ്ങൾക്കും ഒരു മായാസ്വപ്നം....
ഡെെവേഴ്സ് അതിന്റെ വഴിയ്ക്ക് നടന്നോളും....
ഇത്രയും പറഞ്ഞ്,ഒരു കാവൽക്കാരന്റെ വേഷമഴിച്ചു വച്ച്, അപ്പുവിനൊരുമ്മയും കൊടുത്ത്, ഉള്ളിലിരച്ച തേങ്ങൽ പുറത്തു കാണിയ്ക്കാതെ രാജീവ് അവിടെ നിന്നും...............
എഴുത്തുകാരനെ കുറിച്ച്

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login