സ്റ്റോറി 99' ലൗ
- Stories
- Dr. RenjithKumar M
- 26-Jan-2019
- 0
- 0
- 1664
സ്റ്റോറി 99' ലൗ

ടിങ്...
വാട്സാപ്പിന്റെ നോട്ടിഫിക്കേഷൻ ശബ്ദം കേട്ടാണ് ഞാൻ മൊബൈൽ കയ്യിലെടുത്തത്.
"എടാ, നിന്റെ കാലിൽ ഇട്ടിരുന്ന കമ്പി എടുത്തോ?"
ആ മെസ്സേജ് കണ്ടു ഞാൻ ശരിക്കും അമ്പരന്നു. ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം...!
ശരിയാണ്, പണ്ട് ഒരു ആക്സിഡന്റിൽ എന്റെ കാലൊടിഞ്ഞപ്പോൾ കമ്പി ഇട്ടിരുന്നു. അക്കാര്യം ഞാൻ തന്നെ വല്ലപ്പോഴുമേ ഓർക്കാറുള്ളു. ഇതിപ്പോ...
"പത്തൊൻപതു വര്ഷം കഴിഞ്ഞില്ലേ, ആ ആക്സിഡന്റ് നടന്നിട്ട്?. നിനക്കോർമ്മയുണ്ടോ എന്നാണ് ആ ആക്സിഡന്റ് നടന്നതെന്ന് "
തുടരെ തുടരെ വന്ന ചോദ്യശരങ്ങൾ എന്നെ ഉത്തരം കണ്ടെത്തുന്നതിൽ കുഴക്കി. സത്യത്തിൽ എനിക്കൊന്നും ഓർമ്മയില്ല.
"പത്താം ക്ലാസ്സിൽ ആയപ്പോൾ പുതിയ സൈക്കിളിൽ ഒരു തിങ്കളാഴ്ച നീ സ്‌കൂളിലേക്ക് വന്നപ്പോൾ സർക്കസ്സ് കാണിച്ചു കനാലിലേക്ക് വീണതാ...ഓർമ്മയുണ്ടോ? കൃത്യമായി പറഞ്ഞാൽ 05 ജൂലൈ 1999 ."
ഞാൻ ആകെ അത്ഭുതപ്പെട്ടുപോയി, എനിക്കൊന്നും പറയാൻ പറ്റുന്നില്ല.
"ടീ, നിനക്കെന്താ ഭ്രാന്ത് ഉണ്ടോ ? നിനക്ക് ഇതൊക്കെ എങ്ങനെ ഓർമ്മ ? ഞാൻ മറന്നു. "
" ഹി ഹി ...അതൊക്കെ ഉണ്ട്...(മെസ്സേജിനൊപ്പം ഒപ്പം കുറച്ചു സ്മൈലികൾ )"
" നിന്റെ സർജറി ഒക്കെ കഴിഞ്ഞു ഒരു ദിവസം ഞാൻ നിന്നെ കാണാൻ നിന്റെ വീട്ടിൽ വന്നത് ഓർമ്മയുണ്ടോ ?"
" ങേ, നീ വന്നായിരുന്നോ?"
" തേങ്ങാ...(ഒരു ദേഷ്യത്തിന്റെയും, ഒരു തെറി വിളിക്കുന്നതിന്റെയും രണ്ടു സ്മൈലികൽ ഒപ്പം വന്നു). ഞാൻ വന്നു. ഞാൻ അവിടെ കുറെ നേരം ഇരുന്നു നിന്നോടും നിന്റെ അമ്മയോടുമൊക്കെ സംസാരിച്ചു, 'അമ്മ എനിക്ക് ഓറഞ്ചു ജ്യൂസും മിക്സ്ചറും ഒക്കെ കഴിക്കാൻ തന്നിരുന്നു. വല്ലതും ഓർമ്മയുണ്ടോ നിനക്ക് "
ഞാൻ എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു.
" ങ്ങ..ങ്ങാ..അതെ, നീ വന്നതായിരുന്നു."
"മ്...പിന്നെ പത്തു ദിവസം കഴിഞ്ഞിട്ടാ നീ സ്‌കൂളിൽ വന്നത്. നിന്റെ മാമൻ ആയിരുന്നു നിന്നെ ദിവസവും സ്‌കൂളിൽ കൊണ്ട് വന്നിരുന്നത് "
എന്റെ ഓർമ്മകൾ എല്ലാം ചിതലരിച്ചു പോയിരുന്നു. ഞാൻ കുറെ ചികഞ്ഞെടുക്കാൻ ശ്രമിച്ചു. എന്തൊക്കെയോ അവ്യക്തമായി...ഓർമ്മകൾ ചികഞ്ഞെടുക്കുന്നതിലുപരി ഇവൾക്ക് ഇതൊക്കെ എങ്ങനെ ഓർമ്മ എന്നാലോചിക്കാനായിരുന്നു എന്റെ മനസ്സ് തത്രപ്പെട്ടതു. അതിനിടയിൽ അവളുടെ അടുത്ത മെസ്സേജ് എത്തി.
"അപ്പ്രാവശ്യം നീ സെപ്റ്റംബറിലെ സ്‌കൂൾ ടൂറിനു പോയില്ല. ട്രക്കിങ് ഒക്കെ ഉണ്ടായിരുന്നതുകൊണ്ട്. ഞാനും പോയില്ല"
ശരിയാണ്, ഇതൊക്കെ സത്യമാണ്. എനിക്ക് അടക്കാനാവാത്ത ജിജ്ഞാസ വളർന്നു.
"എടി, നിനക്കിതൊക്കെ എങ്ങനെ ഓർമ്മ? ഞാൻ എല്ലാം മറന്നു. നീ എന്താ കഞ്ചാവ് വല്ലതും വലിച്ചോ "
" ഹി ഹി ...അതൊക്കെ ഉണ്ട്...(വീണ്ടും കുറച്ചു സ്മൈലികൾ), പോടാ..ഇതിനു കഞ്ചാവ് ഒന്നും വേണ്ട "
"നിനക്ക്, നമ്മൾ പ്ലസ്ടുവിന് ഗവ.HSS ഇൽ ആദ്യമായി പോയത് എന്നാണെന്നു ഓർമ്മയുണ്ടോ?. സ്‌കൂൾ വളരെ ദൂരെ ആയത്തുകാരണം അന്ന് എന്റെ വീട്ടുകാർ നിന്നോടൊപ്പം ആണ് എന്നെ അയച്ചിരുന്നത്."
"നമ്മൾ അടുത്ത വര്ഷം സ്‌കൂളിൽ നിന്നും ഊട്ടിയിൽ ടൂറിനു പോയത് എന്നാണെന്നു ഓർമ്മയുണ്ടോ? ."
"2006 ഓഗസ്റ്റ് 29 ൻറെ പ്രത്യേകത അറിയുവോ?"
"നിനക്കെന്താ പെണ്ണെ...? വട്ടുണ്ടോ...? നീ എന്തിനാ ഇതൊക്കെ ഓർത്ത് വയ്കുന്നെ? നിനക്ക് ഇതൊക്കെ എങ്ങനാ ഓർത്തുവക്കാൻ പറ്റുന്നു...?"
"എടാ, നിനക്കറിയുവോ, നിന്നോടൊപ്പം ഉള്ള എല്ലാ കാര്യങ്ങളും എനിക്ക് നല്ല ഓർമ്മയുണ്ട്..."
എന്റെ കണ്ണുകൾ വികസിച്ചു " അതെന്താ...?"
"നീ നില്ക്, ഞാൻ ഒരുകൂട്ടം കാട്ടി തരാം."
കുറച്ചു നേരത്തേക്ക് നിശബ്ദം ആയിരുന്നു. മെസ്സേജുകൾ ഒന്നും വന്നില്ല.
ഞാൻ ആ പഴയ കാലം ഓർത്തെടുത്തു. അതെ, അവൾ എന്നോടൊപ്പം ആണ് പഠിച്ചത്; കോളേജ് വരെ.
ഞാൻ അവളുടെ വാട്സാപ്പ് ഡി.പി. എടുത്തു നോക്കി. ഏതോ കടൽപ്പുറത്ത് അസ്തമയസൂര്യന്റെ പശ്ചാത്തലത്തിൽ അവളുടെ മുഖം ആണ് ഫോട്ടോ. പശ്ചാത്തലത്തിൽ അസ്തമയസൂര്യന്റെ പ്രകാശം ഉള്ളതിനാൽ അവളുടെ മുഖം വ്യക്തമല്ല. മുഖം മുഴുവനും ഇരുട്ടാണ്. ഫോട്ടോ മൊത്തത്തിൽ കൊള്ളാം.
ഒരു ഫോട്ടോ അപ്ലോഡ് ആയി വന്നു. ഞാൻ അത് തുറന്നു നോക്കി.
ഒരു ഡയറിയുടെ താൾ ആണത്; അതിൽ നിറച്ചും ആ മാസത്തെ തീയതികൾ പ്രിന്റ് ചെയ്ത കള്ളികൾ. ആ കള്ളികളിൽ പേന കൊണ്ട് എന്തോ എഴുതിയിരിക്കുന്നു. ഞാൻ സൂം ചെയ്തു നോക്കി. 1999 ജൂലൈ മാസത്തിലെ ഡയറിയാണ്. അതിൽ കൂടുതൽ കള്ളികളിലും എന്റെയും അവളുടെയും പേരുകൾ ഒരുമിച്ച് എഴുതിയിട്ടുണ്ട്. ജൂലൈ 5 മുതൽ കുറച്ചു കള്ളികളിൽ അവളുടെ പേര് മാത്രമേ ഉള്ളു. ജൂലൈ 5നു സൈക്കിൾ ആക്സിഡന്റ് എന്നെഴുതിയിട്ടുണ്ട്. വേറെയൊരു ദിവസം എന്റെ വീട്ടിൽ വന്നു എഴുതിയിരിക്കുന്നു.
ചെറിയ അക്ഷരത്തിൽ, അമ്മയോട് സംസാരിച്ചു, ജ്യുസ്, മിക്സ്ചർ കഴിച്ചു എന്നൊക്കെ എഴുതിയിരിക്കുന്നു...
എന്റെ മനസ്സ് എന്തെന്നില്ലാതെ സന്തോഷിച്ചു. അപ്പോഴേക്കും അടുത്ത ഫോട്ടോ വന്നു. അത് 2006 ലെ പേജ് ആണ്. ഓഗസ്റ്റ് മാസം.
എന്റെ കണ്ണുകൾ ആ പേജിൽ പരാതി നടന്നു. എല്ലാ കള്ളികളിലും എന്റെയും അവളുടെയും പേരുകൾ. 29 ആം തീയതി ഞങ്ങൾ ഫേസ്ബുക് ഫ്രണ്ട്സ് ആയിരിക്കുന്നു.
ഇതൊക്കെ കണ്ടപ്പോൾ ഞാൻ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി.
ഞാൻ ചാറ്റിൽ നോക്കി. മെസ്സേജ് ഒന്നും വന്നില്ല.
"എടി...ഇതെന്താ ഇത് ? നീ എന്തിനാ ഇങ്ങനെയൊക്കെ എഴുതി വച്ചേക്കുന്നേ...?"
കുറച്ചു സമയത്തേക്ക് മറുപടി വന്നില്ല. ഞാൻ കാത്തിരുന്നു; ഞാനും ഒന്നും ടൈപ്പ് ചെയ്തില്ല. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ മെസ്സേജ് വന്നു.
"എടാ...എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു...ഇപ്പോൾ മുതൽ ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് തൊട്ട് ...കൃത്യമായി പറഞ്ഞാൽ നമ്മുടെ ഒൻപതാം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ...ഞാൻ അതാരോടും പറഞ്ഞിട്ടില്ല. എന്റെ ഡയറികളിലും ദിവസങ്ങളിലും ഹൃദയത്തിന്റെ ഇരുണ്ട ഫലകങ്ങളിലും ഞാൻ അത് എഴുതിയിട്ടു. ആർക്കും കാണിച്ചും കൊടുത്തില്ല" അവൾ നിർത്തി.
എനിക്ക് ടൈപ്പ് ചെയ്യാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ല. എന്റെ ശ്വാസത്തിന്റെ ഗതിവേഗത കുറയുന്നുണ്ടോ എന്ന് തോന്നിത്തുടങ്ങി.
ഞാൻ എന്തോ ടൈപ്പ് ചെയ്തു. അത് മായിച്ചു, വീണ്ടും എഴുതി.
"നീ അത് എന്നോട് പറയാഞ്ഞതെന്തേ?"
"പറഞ്ഞില്ല..."
"അത് എന്താ എന്നാണ് ചോദിച്ചത്...5 ആം ക്ലാസ് മുതൽ ഏകദേശം 13 വര്ഷം നമ്മൾ ഒരുമിച്ചായിരുന്നു. 9 വര്ഷം ഇ സ്നേഹം നീ ഉള്ളിൽ കൊണ്ട് നടന്നു...!!! ഒരു വാക്കുപോലും പറയാതെ "
എനിക്കെന്തോ തുടർന്ന് ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല. കുറ്റബോധമോ നഷ്ടബോധമോ എന്തൊക്കെയോ എന്റെ മനസ്സിൽ ഇരച്ചു കയറി.
കുറച്ചു സമയം ഞാൻ ഒന്നും ടൈപ്പ് ചെയ്തില്ല; അവളും.
ഞാൻ എന്റെ പേഴ്‌സണൽ ഗൂഗിൾ ഡ്രൈവിൽ പോയി കുറച്ചുഫോട്ടോകൾ തപ്പിയെടുത്ത് അവൾക്ക് അയച്ചു കൊടുത്തു. ഉടൻ തന്നെ അതെല്ലാം റീഡ് ആയി.
" എടാ ഇതൊക്കെ ഞാൻ നിനക്ക് തന്ന ബർത്ത് ഡേ കാർഡുകൾ അല്ലെ...!!!! "
"മ്..അതെ "
"നീ എന്തിനാ ഇതൊക്കെ സൂക്ഷിച്ചു വച്ചേക്കുന്നത്...?"
"അതെന്താ നിനക്ക് മാത്രമേ ഒരാളെ ഇഷ്ടപ്പെടാവു എന്നുണ്ടോ?"
അവൾ അതിനു മറുപടി ഒന്ന് അയച്ചില്ല.
"എന്റെ പിറന്നാളുകൾക്ക് നീ മുടങ്ങാതെ അയച്ച കാർഡുകളിലൂടെയും ആയ കാർഡ് കാണുമ്പോൾ നിന്നോടൊപ്പം കോളേജിലും സ്‌കൂളിലും ചിലവഴിച്ച സമയത്തെ ഓർമകൾ അയവിറക്കിയും എപ്പോഴോ ഞാൻ നിന്നെ ഇഷ്ടപ്പെട്ടു..അത് കൊണ്ട് ഞാൻ അതെല്ലാം സൂക്ഷിച്ചു വച്ചു"
"ഡാ, ഹസ്ബൻഡ് വന്നു "
അവൾ അയച്ച മെസ്സേജുകൾ എല്ലാം പെട്ടെന്ന് ഒറ്റയടിക്ക് ഡിലീറ്റ് ആയി.
ശൂന്യമായ ഹൃദയത്തോടെ ഞാൻ ആ ചാറ്റുകൾ നോക്കിയിരുന്നു. ഇപ്പോൾ എന്റെ മെസ്സേജുകൾ മാത്രം അവശേഷിച്ചു അതിൽ...
"ഇ ചേട്ടൻ എപ്പോൾ നോക്കിയാലും ഫോണും കുത്തിയിരിക്കുവാ..."
ശബ്ദം കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു പുറകിലേക്ക് നോക്കി, എന്റെ ഭാര്യ.
ഞാൻ അവളെ നോക്കി പതിവ് ചിരി ചുണ്ടിൽ വരുത്തി.
അതിനിടയിൽ എന്റെ വിരലുകൾ യാന്ത്രികമായി ചലിച്ചു, ഞാൻ അയച്ച മെസ്സേജുകളും 'ഡിലീറ്റ് ഫോർ ഓൾ' ചെയ്തു.
-രഞ്ജിത്കുമാർ.എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login