ശ്രീജയുടെ തിരോധാനം
- Stories
- Ranju Kilimanoor
- 27-Nov-2020
- 0
- 0
- 1924
ശ്രീജയുടെ തിരോധാനം
പേര് : ശ്രീജയുടെ തിരോധാനം
രചന : രഞ്ജു കിളിമാനൂർ
ഒറിജിൻ : അലക്സി കഥകൾ
പാർട്ട് : 1
രാവിലേ അലക്സി വന്ന് വിളിച്ചപ്പോഴാണ് ഞാൻ ഉണർന്ന് എണീറ്റത്.
"ഗുഡ് മോണിംഗ് ജോൺ.... "
കയ്യിലിരുന്ന ചായക്കപ്പ് എന്റെ നേരെ നീട്ടിക്കൊണ്ട് അലക്സി ചിരിച്ചു..
ചായ വാങ്ങി ആർത്തിയോടെ ഞാൻ ഒരിറക്ക് കുടിച്ചു..
" ആഹാ... എന്ത് രുചിയായിട്ടാണ് താങ്കൾ ഓരോ തവണയും ചായയുണ്ടാക്കുന്നത്.
" ഓഹോ എന്നെ സുഖിപ്പിച്ചു ദിവസവും ചായ ഉണ്ടാക്കാനുള്ള സൈക്കോളജിക്കൽ മൂവ്.. അല്ലെ ജോൺ??
ഞാനും ചിരിച്ചു പോയി..
"അലക്സി എന്താണ് ഇന്നത്തെ കാര്യ പരിപാടികൾ?? പുതിയ കേസ് എന്തെങ്കിലും കിട്ടിയിട്ടുണ്ടോ??"
അലക്സി ഒന്ന് ചിരിച്ചു..
"ജോൺ ഇന്ന് നമുക്ക് ഒരു സ്ഥലം വരെ പോകേണ്ടതുണ്ട്.
എനിക്കത്ര വലിയ ഇന്ററസ്റ്റിംഗ് തോന്നിയ ഒരു കേസല്ല....എന്നാൽ താല്പര്യം തീരെ കുറവൊന്നുമില്ല താനും....! എന്തായാലും ഒരു കാര്യം ചെയ്യുക...
താങ്കൾ 9 മണിക്ക് തന്നെ റെഡിയായി നിൽക്കുക. കൂടുതൽ വിവരങ്ങൾ യാത്രാമധ്യേ പറയാം....പോകുമ്പോൾ മൊബൈൽ ഫോൺ നിർബന്ധമായും കയ്യിൽ കരുതണം..ഇന്റർനെറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം..
ആ പിന്നെ മറ്റൊരു കാര്യം കൂടി ...നമ്മുടെ ശവപ്പെട്ടിക്കേസിനും 13/B യിലെ കൊലപാതക പരമ്പരയ്ക്കും നമ്മൾ ഉത്തരം കണ്ടെത്തിയ രീതികൾ താങ്കൾ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നതായി എന്റെ ഒരു സുഹൃത്ത് ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു. അങ്ങനെ ഞാൻ രാത്രിയിൽ തന്നെ കുത്തിയിരുന്നു താങ്കളുടെ രണ്ട് കഥകളും വായിച്ചു തീർത്തു...
ഒരു കാര്യം ആദ്യമേ പറയട്ടെ
ജോൺ, താങ്കളുടെ എഴുത്ത് അതിമനോഹരമാണ്. ഓരോ വസ്തുതകളും താങ്കൾ വർണ്ണിച്ചിരിക്കുന്നത് വായിച്ചപ്പോൾ ഒരു സിനിമ കാണുന്ന പ്രതീതിയാണ് എനിക്ക് അനുഭവപ്പെട്ടത്...
കഥ മുഴുവനും വായിച്ച ശേഷം ആ പോസ്റ്റിൽ കിടക്കുന്ന കുറച്ചു കമന്റുകൾ ഞാൻ വായിച്ചു നോക്കി..
കൂടുതൽ പേരും ഷെർലക്ക് ഹോംസ് കഥകളോടാണ് നമ്മുടെ രണ്ടു കേസുകളെയും താരതമ്യം ചെയ്തിരിക്കുന്നത്. താങ്കളുടെ എഴുത്ത് തുടരുക തന്നെ വേണം അത് സംശയമില്ലാത്ത കാര്യം...
പക്ഷേ ഒന്ന് രണ്ട് കാര്യങ്ങൾ എനിക്ക് താങ്കളോട് നിർദ്ദേശിക്കാനുണ്ട്..
താങ്കൾ എനിക്ക് നൽകുന്ന ഷെർലക്ക് ഹോംസ് പരിവേഷം ഒരെഴുത്തുകരൻ എന്ന നിലയിൽ താങ്കൾക്ക് ഗുണം ചെയ്യില്ല. വിമർശനങ്ങൾ ധാരാളം നേരിടേണ്ടി വരികയും ചെയ്യും..
രണ്ട് അച്ചടി ഭാഷ കുറച്ച് ഒഴിവാക്കേണ്ടിയിരിക്കുന്നു.. "
ഞാൻ ഒരു വളിച്ച ചിരി മാത്രം പാസ്സാക്കി..
എന്നിട്ട് മനസ്സിൽ പറഞ്ഞു
" മിസ്റ്റർ അലക്സി നിങ്ങൾക്ക് അങ്ങനൊരു പരിവേഷം ജനങ്ങൾ തരുന്നുവെങ്കിൽ അത് താങ്കളുടെ അന്വേഷണ മികവ് കൊണ്ടാണ്. അത് ഞാനിനി എങ്ങനെ എഴുതിയാലും അത് ഇല്ലാണ്ടാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.. !!!
പിന്നെ രണ്ടാമത്തെ കാര്യം... അത് വേണേൽ പരിഗണിക്കാം..
അലക്സി എന്നെ തന്നെ നോക്കിനിന്നു കുറച്ച് നേരം....
എന്നിട്ട് എന്തൊക്കെയോ പേനയെടുത്ത് എഴുതി കണക്ക് കൂട്ടാൻ ആരംഭിച്ചു...
ഞാൻ കുളിക്കാനായി ബാത്‌റൂമിലേക്ക് പോയി..
കൃത്യം 9 മണിക്ക് തന്നെ ഞാൻ റെഡിയായി നിന്നു.
അലക്സി ബൈക്ക് സ്റ്റാർട്ട് ചെയ്തു..
ഞാൻ പുറകിൽ കയറി..
ഏകദേശം അര മണിക്കൂർ കൊണ്ട് ഞങ്ങൾ ആ വീട്ടിലെത്തിച്ചേർന്നു. യാത്രയ്ക്കിടെ അലക്സി കേസിന്റെ ഡീറ്റെയിൽസ് എന്നോട് പറഞ്ഞു..
"ഇന്നലെ വൈകുന്നേരം ഒരു മൂന്ന് മണിയോടെയാണ് വേണു എന്നയാൾ അയാളുടെ ഭാര്യാ സഹോദരൻ ശ്രീജുവിന്റെ കൂടെ നമ്മുടെ ഓഫീസിൽ എത്തിയത്..
കോട്ടയം ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ ഉള്ളിലായി ഒരു റബ്ബർ പ്ലാന്റേഷൻ ജോൺ ശ്രദ്ധിച്ചിട്ടില്ലേ ആ പ്ലാന്റേഷനിലേക്ക് പോകുന്ന വഴിയിലാണ് വേണുവിന്റെ വീട്..
അയാൾ ഒരു വക്കീൽ ഗുമസ്തനാണ്..
അഡ്വക്കേറ്റ് ഷാജി പറമ്പന്റെ കൂടെയാണ് കഴിഞ്ഞ മൂന്ന് വർഷമായി ജോലി ചെയ്തു പോരുന്നത്..
പാരമ്പര്യമായി നല്ല ആസ്തിയുള്ള ഒരു തറവാട്ടിൽ ജനിച്ച വേണു, സമ്പത്തിൽ തനിക്കൊപ്പം നിൽക്കുന്ന ഒരു കുടുംബത്തിൽ നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്...
വിവാഹം കഴിഞ്ഞിട്ട് ഏകദേശം 12 വർഷങ്ങൾ പൂർത്തിയായി..
അവർക്ക് രണ്ട് മക്കളുണ്ട്..
മൂത്തത് പെൺകുട്ടിയാണ്..
അവൾ സെന്റ് കാർമൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു, പേര് ശ്രീലക്ഷ്മി. ഇളയവൻ ശ്രീജിത്ത്, അതേ സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു..
വേണുവിന്റെ ഭാര്യ ശ്രീജയ്ക്ക് ജോലിയൊന്നും ഇല്ല..
അവൾ വീട്ടുകാര്യങ്ങൾ നോക്കി കഴിയുകയാണ്..
കഴിഞ്ഞ മാസം മുതൽ അവളുടെ ഇളയമ്മയുടെ മകൾ രേണു കൂടി ആ വീട്ടിൽ വന്നു നിന്ന് പഠിക്കാൻ ആരംഭിച്ചു...
അവളുടെ വീട് കോളേജിൽ നിന്നും 60 കിലോമീറ്ററോളം അകലെയായതിനാൽ ചേച്ചിയുടെ കൂടെ വന്നു നിൽക്കാൻ തീരുമാനീക്കുകയായിരുന്നു..
പഠിക്കാൻ മിടുക്കിയായിരുന്ന രേണു ബിരുദത്തിന്റെ ആദ്യ വർഷം പൂർത്തിയാക്കിയപ്പോൾ 99 ശതമാനം മാർക്കോടെ ക്ലാസ്സിൽ ടോപ്പറായി നിൽക്കുന്നു.....
പിന്നെ ആ വീട്ടിലെ മറ്റൊരാൾ എന്ന് പറയാനുള്ളത് അടുക്കള ജോലികൾ ചെയ്യാൻ വരുന്ന അച്ചായൻ എന്ന് വിളിക്കപ്പെടുന്ന കോശിയാണ്..
അയാൾക്കിപ്പൊ ഏകദേശം ഒരറുപതു വയസായിക്കാണും..
പാമ്പാടിയിൽ നിന്നും ഒരു രണ്ട് കിലോമീറ്റർ ഉള്ളിലാണ് അയാളുടെ വീട്..
സംഭവ ദിവസമായ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മണി കഴിഞ്ഞപ്പോൾ പതിവ് പോലെ വേണു കോടതിയിലേക്ക് പോയി..
ഏതാണ്ട് ആ സമയം തന്നെ കുട്ടികളും രേണുവും പഠിക്കാനും പോയി. കോശി അന്നേ ദിവസം അയാളുടെ കൊച്ചാപ്പന്റെ ആണ്ടിന് പോയിരുന്നതിനാൽ ജോലിക്ക് വന്നിരുന്നില്ല...ഏകദേശം 11 മണി കഴിഞ്ഞപ്പോൾ വേണുവിന്റെ മൊബൈലിൽ ശ്രീജയുടെ ഒരു കാൾ വന്നു..
മൊബൈൽ വൈബ്രെഷൻ മോഡിലായിരുന്നുവെങ്കിലും കാൾ അയാൾ കണ്ടിരുന്നു...
എന്നാൽ കോടതി സമയം ആയതിനാൽ അയാൾക്ക് കാൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ല. ലഞ്ച് ബ്രെക്കിനു മജിസ്‌ട്രേറ്റ് പുറത്തേക്കു പോയപ്പോൾ അയാൾ ശ്രീജയെ തിരിച്ചു വിളിച്ചു നോക്കിയെങ്കിലും അവളുടെ ഫോൺ സ്വിച്ചോഫ് ആയിരുന്നു.
ശ്രീജയുടെ ഫോൺ അങ്ങനെ സ്വിച്ചോഫ് ആകാറില്ല എന്നതിനാൽ അയാൾ ഇടയ്ക്കിടയ്ക്ക് അവളെ ട്രൈ ചെയ്തു കൊണ്ടിരുന്നു..
വൈകുന്നേരം വീട്ടിലെത്തിയ കുട്ടികൾ കണ്ടത് വീട് അടഞ്ഞു കിടക്കുന്നതാണ്..
വീടിന്റെ താക്കോൽ പതിവായി ഒളിച്ചു വെക്കാറുള്ള ചെടിച്ചട്ടിയിൽ നിന്നും ശ്രീജിത്ത് കണ്ടെടുത്തു.അവർ വാതിൽ തുറന്ന് നോക്കിയെങ്കിലും ശ്രീജ വീട്ടിൽ ഉണ്ടായിരുന്നില്ല.
അവർ വീട് മുഴുവനും പരിശോധന നടത്തി..
അല്പ സമയത്തിനുള്ളിൽ തന്നെ വേണുവും എത്തി...
അര മണിക്കൂർ കഴിഞ്ഞ് രേണുവും കോളേജ് വിട്ട് മടങ്ങിയെത്തി...
ശ്രീജയുടെ ഹാൻഡ്ബാഗ് വീട്ടിൽ ഉണ്ടായിരുന്നില്ല..
എറ്റിഎം കാർഡുകളും ഹോസ്പിറ്റൽ കാർഡുകളും ഒക്കെയുള്ള മറ്റൊരു ചെറിയ പേഴ്‌സ് അതിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നവർ തറപ്പിച്ചു പറയുന്നു.അയൽ പക്കത്തെ വീട്ടുകാർ ശ്രീജ പുറത്തേക്കു പോകുന്നത് കണ്ടിരുന്നു.
ഒരു ബ്ലാക്ക് കളർ ഷിഫോൺ സാരിയാണ് അവൾ ധരിച്ചിരുന്നത് എന്ന് വേണു അയൽക്കാരുടെ സഹായത്തോടെ സ്ഥിരീകരിച്ചിട്ടുണ്ട്. കാർ ഓടിക്കാൻ അറിയുമായിരുന്ന ശ്രീജ കാർ എടുക്കാതെ പോയതിൽ എല്ലാവർക്കും സംശയങ്ങളുണ്ട്..
അവൾ പോകാൻ സാധ്യതയുണ്ടായിരുന്ന എല്ലാ സ്ഥലങ്ങളിലും വേണു ഫോൺ വിളിച്ച് അന്വേഷണം നടത്തുകയുണ്ടായി..
എന്നാൽ ശ്രീജയെ പറ്റി മാത്രം യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
തുടർന്ന് ശ്രീജയുടെ വീട്ടുകാർ പാഞ്ഞെത്തുകയും എല്ലാവരും ചേർന്ന് പോലീസിൽ വിവരം അറിയിക്കുകയുമുണ്ടായി..
ശബരിമല വിഷയം കത്തിനിൽക്കുന്ന അവസരത്തിൽ കൂടുതൽ പോലീസ് അവിടെ സ്ത്രീപ്രവേശനത്തിനെ സഹായിക്കാൻ വേണ്ടി ഡ്യൂട്ടിയിൽ ആയതിനാലും ബാക്കിയുള്ള കേസുകൾക്ക് വേണ്ടത്ര പ്രാധാന്യം കൽപിക്കാത്തതിനാലും അവർക്ക് വേണ്ട വിധത്തിൽ അന്വേഷണം നടത്താനോ കൂടുതൽ കാര്യങ്ങൾ കണ്ടു പിടിക്കാനോ സമയം കിട്ടിയിട്ടില്ല..
എന്നാലും അവർ ശ്രീജയുടെ കാൾ ലിസ്റ്റ് ട്രെയ്‌സ് ചെയ്തിരുന്നു..
ശ്രീജ അവസാനമായി കാൾ ചെയ്തിരിക്കുന്നത് വേണുവിനെ തന്നെയാണ്..
പക്ഷേ അതിന് ശേഷം മറ്റൊരു മൊബൈൽ നമ്പരിൽ നിന്നും അവൾക്കൊരു കാൾ വന്നിട്ടുണ്ടായിരുന്നു..
അത് 11.10 നുമാണ്..പോലീസ് ആ നമ്പർ ട്രെയ്‌സ് ചെയ്യാൻ ശ്രമം നടത്തി നോക്കിയിരുന്നു..
എന്നാൽ അത് ഒരു തെറ്റായ അഡ്രസ്സിൽ എടുത്തിരിക്കുന്ന ഒരു സിം ആണെന്ന് അവർക്ക് മനസിലായി...
ആ സിം ഇട്ടിരിക്കുന്ന ഫോൺ പുതുതായി വാങ്ങിയ ഒരു ഫോൺ ആണെന്നും അതിൽ ഈ ഒരു സിം അല്ലാതെ മറ്റൊരു സിമ്മും ഉപയോഗിച്ചിട്ടേയില്ല എന്നും വരെ പോലീസ് കണ്ടെത്തിയിരുന്നു..
എന്നാൽ കേസ് അവിടെ വന്നു സ്റ്റക്ക് ആകുകയും പിന്നീട് കൂടുതൽ അന്വേഷണം നടക്കാതെ വരികയും ചെയ്തു.
ആദ്യത്തെ ആവേശത്തിന് ശേഷം പോലീസിൽ ആർക്കും തന്നെ അന്വേഷണത്തിൽ കൂടുതൽ താല്പര്യം തോന്നാതെ ഇരുന്നതുകൊണ്ടാകാം അവർ നമ്മളെ സമീപിച്ചത്...
13/ B യിലെ കൊലപാതകങ്ങൾ തെളിഞ്ഞതും ഒരുപക്ഷെ നമ്മളെ തെരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചിരിക്കാം..."
അപ്പോഴേക്കും ബൈക്ക് ഒരു റബ്ബർ പുരയിടത്തിൽ എത്തിയിരുന്നു..
ആ പുരയിടം കഴിഞ്ഞു നെൽവയൽ പാടങ്ങൾ ഉണ്ടായിരുന്നു..
ഇടയ്ക്ക് നാല് വീടുകൾ കണ്ടു..
അഞ്ചാമത്തെ വീട് ആയിരുന്നു വേണുവിന്റേത്..
ഗേറ്റ് തുറന്നു തന്നെ കിടക്കുകയായിരുന്നു..
ഞങ്ങൾ മുറ്റത്ത് ബൈക്ക് വെച്ചിട്ട് വീടിനു നേരെ നടന്നു..
ബൈക്കിന്റെ ശബ്ദം കേട്ട് അയാൾ പുറത്തേക്കു വന്നു....
ശ്രീജുവും കുടുംബവും അവിടെ ഉണ്ടായിരുന്നു...
ഞങ്ങൾ ഓരോ കസേരയിട്ട് പൂമുഖത്ത് ഇരുന്നു..
അലക്സി ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു. പുകയൂതി വിട്ടു കൊണ്ട് അവരോടായി ചോദിച്ചു..
" മിസ്റ്റർ വേണു..പോലീസിൽ നിന്നും കൂടുതൽ വിവരങ്ങൾ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ ??"
"ഇല്ല സർ...!"
"ഉം...ശരി...ശ്രീജയുടെ നമ്പർ ഒന്ന് തരാമോ ??"
"9567583490"
അലക്സി ഫോണെടുത്തു ഐജി ചെറിയാൻ ഫിലിപ്പിനെ വിളിച്ചു..
"ചെറിയാൻ താങ്കളുടെ ഒരു സഹായം വേണമായിരുന്നു..9567583490 എന്ന നമ്പരിൽ നിന്നും അവസാനമായി വന്ന ഇൻകമിങ് ഔട്ട്‌ഗോയിങ് കാൾ ലിസ്റ്റുകളും വിളിച്ച സമയവും ഒരു എക്സൽ ഷീറ്റൊ പിഡിഎഫോ ആയി അയയ്ക്കാമോ ??"
"ഒരു അര മണിക്കൂറിനുള്ളിൽ വാട്സാപ്പിൽ സെന്റ് ചെയ്തേക്കാം അലക്സി..
താങ്കളുടെ ഈ നമ്പർ തന്നെയല്ലേ ??"
"ഓ സോറി മിസ്റ്റർ ചെറിയാൻ നമ്പർ ഇതല്ല..ഞാൻ ഇപ്പോൾ ആ നമ്പരിൽ നിന്നും ഒരു ടെക്സ്റ്റ് വാട്സാപ്പ് ചെയ്തേക്കാം..അതിലേക്കു റിപ്ലൈ ചെയ്‌താൽ മതി...ആ പിന്നെ ഓരോ കാളും ഏത് ടവറിൽ നിന്നുമാണ് ഓപ്പറേറ്റ് ചെയ്തിരുന്നത് എന്ന് കൂടി അറിഞ്ഞിരുന്നെങ്കിൽ വലിയൊരു സഹായമായേനെ....!"
"ഹഹ...എനിക്കറിയാമായിരുന്നു അവസാനം ഇതും കൂടി പറയുമെന്ന്..."
"താങ്കൾക്ക് ബുദ്ധിമുട്ടാകില്ല എങ്കിൽ മാത്രം.."
"ഏയ് ഒരിക്കലുമില്ല അലക്സി..നിങ്ങളുടെ കഴിവിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നുണ്ട്..
ജസ്റ്റ് വെയ്റ്റ് ഫോർ ദി മെസ്സേജ്..."
"താങ്ക്സ് മിസ്റ്റർ ചെറിയാൻ...ക്യാച്ച് യൂ ലേറ്റർ..."
കാൾ കട്ടായ ഉടനെ അലക്സി അയാളുടെ മൊബൈൽ എന്റെ നേർക്ക് നീട്ടി..
"ജോൺ ഇതിലെ അവസാനം വന്ന നമ്പർ എടുത്ത് താങ്കളുടെ നമ്പറിൽ നിന്നും ഒരു ടെക്സ്റ്റ് വാട്സാപ്പ് ചെയ്യണം.."
ഞാൻ ഫോൺ വാങ്ങി..
അലക്സി വീടിനുള്ളിലേക്ക് കയറി..റൂമുകൾ ഓരോന്നായി പരിശോധിച്ചു..
"വേണു..ശ്രീജ അന്നേ ദിവസം എന്തിനെങ്കിലും പുറത്തേക്കു പോകും എന്ന് താങ്കളോട് പറഞ്ഞതായി ഓർക്കുന്നുണ്ടോ ??"
"ഇല്ല സർ..."
"ഓക്കേ...ശ്രീജയുടെ ഫോട്ടോസ് ഉണ്ടെങ്കിൽ കാണിക്കാമോ ??"
അയാൾ ഫോൺ എടുത്ത് കുറച്ച് ഫോട്ടോസ് എന്റെ മൊബൈലിലേക്ക് സെന്റ് ചെയ്തു തന്നു.. അലക്സി സൂക്ഷ്മതയോടെ അതെല്ലാം നോക്കി..
" ശ്രീജ പാടാറുണ്ടോ ??"
അയാൾ ഒന്ന് അമ്പരന്നു..
"ഉണ്ട് പാടാറുണ്ട്...പക്ഷെ എങ്ങനെ മനസ്സിലായി ??"
"പറയാം..അതിന് മുൻപ് ഇത് കൂടി പറയൂ...അവൾക്ക് ഇടം കൈ ആയിരുന്നോ കൂടുതൽ വഴങ്ങുന്നത്....?? ചിത്രം വരയ്ക്കാനോ ഒക്കെ ??"
അയാളുടെ മുഖം കൂടുതൽ വിടർന്നു..
"അതേ വളരെ ശരിയാണ്...അവൾ പെയിന്റ് ചെയ്യുന്നതും എഴുതുന്നതും എല്ലാം ഇടം കൈ ഉപയോഗിച്ചാണ്..പക്ഷെ താങ്കൾക്ക് എങ്ങനെ അതൊക്കെ അറിയാം ?? ശ്രീജയെ നേരത്തെ പരിചയമുണ്ടോ ??"
അലക്സി ചിരിച്ചു..
അത് വളരെ നിസാരമായ ഒരു കണ്ടുപിടിത്തമാണ് സൃഹുത്തേ..
താങ്കൾ എനിക്ക് കാണിച്ചു തന്ന ഫോട്ടോകളിൽ കൂടുതലും കാൻഡിഡ് ഫോട്ടോഗ്രഫി ആയിരുന്നു..
അൺ എക്സ്പെക്റ്റഡ് ക്ലിക്ക്സ് ആയിരുന്നു കൂടുതലും..
അതിൽ ഒരു ഫോട്ടോയിൽ മാത്രം അവൾ സാരിയാണ് ഉടുത്തിരുന്നത്..
അവൾ വലതു കൈ കൊണ്ട് എന്തോ ചെയ്യുന്ന കാര്യം നിങ്ങൾ അൺ എക്സ്പെക്റ്റഡ് ആയി ക്ലിക്ക് ചെയ്തതാകണം..
എന്തിലോ എഴുതുകയോ വരക്കുകയോ ചെയ്യുകയാണ് എന്ന് മുൻവശത്തെ സപ്പോർട്ടിങ് ബോർഡ് കണ്ടപ്പോൾ മനസിലായി..
എന്നാൽ കൂടുതൽ ശ്രദ്ധിച്ചപ്പോൾ സാരി തിരിച്ചാണ് ഉടുത്തിരിക്കുന്നത് എന്ന് കണ്ടു.....
ഞെട്ടലോടെ ഞാൻ മനസിലാക്കി അതൊരു കണ്ണാടിയിലെ പ്രതിബിംബത്തെയാണ് നിങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ എടുത്തിരിക്കുന്നത് എന്ന്..
അവളുടെ മുഖത്തെ ഭാവത്തിൽ നിന്നും ചിത്രം വരയ്ക്കുകയാണ് എന്ന് മനസിലാകുകയും ചെയ്തു..
അത്രമാത്രം..."
അയാളുടെ മുഖത്തെ അങ്കലാപ്പ് അപ്പോഴും മാറിയിരുന്നില്ല..
എനിക്ക് ചിരിയാണ് വന്നത്...
അലക്സി അയാളോട് പറഞ്ഞു
"വേണു കുറച്ച് കാര്യങ്ങൾ കൂടി എനിക്ക് അറിയേണ്ടതുണ്ട്..നിങ്ങൾക്ക് ഫോട്ടോഗ്രാഫി എന്ത് മാത്രം പ്രിയപ്പെട്ടതാണോ അത്രയും തന്നെ എനിക്ക് പ്രിയപ്പെട്ട ഒന്നാണ് കേസന്വേഷണം...രണ്ട് ദിവസത്തിനുള്ളിൽ ശ്രീജ എങ്ങോട്ടാണ് പൊയത് എന്നതിനെപ്പറ്റി വ്യക്തമായ ഉത്തരം നമുക്ക് കിട്ടുമെന്ന് വിശ്വസിക്കുന്നു.."
അയാൾ അലക്സിയ്ക്ക് നേരെ കൈകൂപ്പി..
അയാളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു..
"സർ അവൾ പാവമാണ്..ലോക്കൽ പോലീസ് പറഞ്ഞത് പോലെ ഈ കുട്ടികളെയും വിട്ട് മറ്റൊരാളോടൊപ്പം അവൾ ഒരിക്കലും പോകില്ല..ഞങ്ങളാണ് അവളുടെ ലോകം...ഇത് അവൾക്കെന്തോ അപകടം സംഭവിച്ചതാണ് എന്നെന്റെ മനസ്സ് പറയുന്നു.."
രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി..അയാളുടെ പുറകിൽ നിന്ന ശ്രീജുവിനും സ്വയം നിയന്ത്രിക്കാൻ സാധിച്ചില്ല..
അലക്സി വേണുവിനെ ആശ്വസിപ്പിച്ചു..
" വേണു എനിക്ക് നിങ്ങളുടെ ജോലിക്കാരനോടും അയല്പക്കക്കാരോടും കുറച്ച് ചോദ്യങ്ങൾ ചോദിക്കാനുണ്ട്..വരൂ നമുക്ക് അങ്ങോട്ട് പോകാം..അലക്സി നടന്നു..ഞങ്ങൾ പുറകെയും...
..................................................................................................................................
ഡോയൽ ജൂനിയർ, രണ്ഞു കിളിമാനൂറിന്റെ കഥകൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയതിനാൽ പുസ്തകത്തിന്റെ വിപണനാർത്ഥം "ശ്രീജയുടെ തിരോധാനം" തുടർന്നുള്ള ഭാഗങ്ങൾ എന്റെസൃഷ്ടിയുടെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു.
കഥ തുടർന്ന് വായിക്കുവാൻ "ഡോയൽ ജൂനിയറിന്റെ അലക്സി കഥകൾ" എന്ന പുസ്തകം ഓൺലൈൻ ആയി വാങ്ങാവുന്നത്ആണ്.
കഥാകാരനെ നേരിട്ട് ബന്ധപ്പെട്ടു പുസ്തകം വാങ്ങാനായി ഈ നമ്പറിൽ ബന്ധപ്പെടുക: 9567583490
-എന്റെ സൃഷ്ടി അഡ്മിൻസ്.
എഴുത്തുകാരനെ കുറിച്ച്

രഞ്ജു കിളിമാനൂർ : പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് കിളിമാനൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ.. പ്ലസ് ടു വരെ അവിടെ തുടർന്നു. കണക്കിനോട് പ്രണയം തോന്നിത്തുടങ്ങിയപ്പോൾ തന്നെ ബിരുദം കണക്കിൽ തന്നെ ആയിക്കോട്ടെ എന്ന് തീരുമാനമെടുക്കുകയായിരുന്നു.. അങ്ങനെ 2005-ൽ വർക്കല SN കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷം കറസ്പോണ്ടൻസായി പിജി ചെയ്തു. എന്നാൽ വീട്ടിലെ സാഹചര്യങ്ങൾ മോശമായതിനാൽ 3 മാസം കൊണ്ട് കോഴ്സ് പ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login