"വീട് -പള്ളി-വായനശാല; അതിനിടെ ഒരാൾ."
- Articles
- KAMAR MELATTUR
- 27-Nov-2018
- 0
- 0
- 1337
"വീട് -പള്ളി-വായനശാല; അതിനിടെ ഒരാൾ."
അസ്സലാമു അലൈക്കും.
പ്രിയമുള്ളവരേ, ഏറെക്കാലമായി സോഷ്യൽമീഡിയയിൽനിന്നൊക്കെ അകന്നു നിന്നിരുന്ന ഞാൻ ഈ അടുത്ത കാലത്താണ് ഒരു തിരിച്ചുവരവ് നടത്തിയത്. ഷറഫു എടയാറ്റൂർ, ഷാജി ആൽപ്പറ്റ മേലാറ്റൂർ ഒക്കെ കുറെയായി പറഞ്ഞുകൊണ്ടിരിക്കുന്നു; പി എം ഹനീഫ്ക്കയെ കുറിച്ച് ഒരു അനുസ്മരണം നടത്തണമെന്ന്. സത്യത്തിൽ എന്നെ സംബന്ധിച്ച് പി എം നെ കുറിച്ച് ഒരു അനുസ്മരണം അസാധ്യം തന്നെയാണ്. മറവിയുടെ ഏടുകളിൽ മറഞ്ഞുപോയതിനെ പൊടിതട്ടിയെടുക്കലാണല്ലൊ അനുസ്മരണം. ജീവിതത്തിലെ ദൈനംദന്യങ്ങളോട് ഇഴുകിച്ചേർന്ന ആ ഒന്നിനെ ക്കുറിച്ച് ഒന്നും എഴുതുന്നില്ലെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നെ കരുതി......
1996 ലെ ഒരു കാമ്പസ് പ്രഭാതത്തിൽ മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിൽ ഇലക്ഷനോടനുബന്ധിച്ച ക്ലാസ്സ്‌റൂം പ്രചരണപരിപാടിയിലാണ് ഞാൻ ആദ്യമായി പി എം നെ പരിചയപ്പെടുന്നത്. കൂടെ അക്ബർ വേങ്ങശ്ശേരി, ഫൈസൽ യു കെ, മെഹബൂബ് നാലകത്ത്, ഫിറോസ് റ്റി അബ്ദുള്ള തുടങ്ങിയ അന്നത്തെ എം എസ് എഫ് നേതാക്കളും. പി എം ആൺ മുഖ്യപ്രാസംഗികൻ. ഒഴുക്കുമുറിയാത്ത വാഗ്ധോരണിയിൽ ക്ലാസ് മുറികൾ നിശബ്ദമായി ഇഴുകിച്ചേർന്നു. പിന്നീട് കോളേജിലെ എം എസ് എഫ് രാഷ്ട്രീയത്തിലെ നിശബ്ദ അംഗമായി ഞാനും മാറി. എന്റെ വായനയോടുള്ള ആഭിമുഖ്യം വളർത്തിയതും എഴുത്തിലേക്ക് വഴിതിരിച്ചതും പി എം ആണെന്നുതന്നെ പറയാം. ഇലക്ഷൻ സുവനീറുകൾക്കുള്ള റൈറ്റപ്പ് തയ്യറാക്കാനും എം എസ് എഫ് നേതൃത്വം നൽകുന്ന വിവിധ കോളേജുകളിലെ മാഗസിനുകളുടെ പ്രൂഫ് നോക്കുന്നതിനുമായി എന്നെ ഏൽപ്പിക്കപ്പെട്ടു. കോളേജു മാഗസിനിലേക്ക് നിർബന്ധിച്ച് എഴുതിച്ചു.
പിന്നെ മേലാറ്റൂരിലെ സായാഹ്നസംഗമങ്ങൾ പതിവായി. രാഷ്ട്രീയം, കല, സാഹിത്യം , തുടങ്ങി എനിക്ക് എപ്പോഴും കീറാമുട്ടിയായിരുന്ന ചരിത്രങ്ങൾ (ഇന്ത്യൻ, വേൾഡ്) ഒക്കെ സംസാരവിഷയമായി. ഹനീഫ്ക്ക എന്നെ പലർക്കും നിർവ്വചിച്ചു നൽകിയിരുന്നത് ഇപ്പോഴും ഓർക്കുന്നു. "ഒരു നേർ രേഖയിൽ വീട് , പള്ളി, വായനശാല എന്നിവ കൊള്ളിച്ചാൽ അതാണ് കമർ". ആ നേർ രേഖയിൽ എന്റെ ചുറ്റുപാടുകളും സമൂഹത്തേയും ഉൾക്കൊള്ളിച്ചത് പി എം തന്നെയാണ്. പിന്നീട് കോളേജ് ജീവിതത്തിന്റെ അവസാനം പി എം മേലാറ്റൂരിൽ ഒരു ഓഫീസ് ആരംഭിക്കുന്നതിനെ ക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഒരു സായന്തനത്തിൽ പതിവുപോലെ എന്റെ കുപ്പായക്കുടുക്കിൽ തെരുപ്പിടിക്കുന്നതിനിടെ ( അത് പി എം ന്റെ ഒരു ശൈലിയായിരുന്നു) പറഞ്ഞു ; ബസ് സ്റ്റാന്റിനുള്ളിൽ എന്റെ സുഹൃത്ത് പട്ടണത്ത് മുജീബിന്റെതായി ഒരു ടെലഫോൺ ബൂത്ത് ഉണ്ട് . നീ അവിടെ താൽക്കാലിക ചുമതലയേൽക്കണം . നമ്മുടെ പ്രവർത്തനങ്ങൾക്ക് ഒരു ആസ്ഥാനമാകും. അങ്ങനെ 2001 ൽ ഞാൻ മേലാറ്റൂരിലെ ആ വിവരവിനിമയകേന്ദ്രത്തിന്റെ കാര്യക്കാരനായി;അതുവഴി പി എം ന്റെ ഒരു അനൗദ്യോഗിക സെക്രട്ടറിയും എന്നും പറയാം. പി എം ന്റെ രാഷ്ട്രീയ ജീവിതയാത്രകളിൽ ഒരു പ്രധാനകേന്ദ്രമായിരുന്നു ഈ ബൂത്ത്. പല രാത്രികളിലും പി എം ന്റെ വിശ്രമകേന്ദ്രവും. അന്ന് പെരിന്തൽമണ്ണക്കും മഞ്ചേരിക്കുമിടയിൽ മൊബെയിലിനു റേഞ്ചില്ലാത്ത കാലമായിരുന്നു.( പി എം ന്റെ ആദ്യ മൊബെയിൽ നമ്പർ 9847221230 ഇപ്പോൾ എത്ര പേർക്ക് ഓർമ്മയുണ്ടാവുമെന്നറിയില്ല) മൊബെയിൽ ഔട്ട് ഓഫ് റേഞ്ച് ആവുമ്പോൾ പി എം നുള്ള കോളുകൾ വരിക ബൂത്തിലെ നമ്പരിലേക്കായിരുന്നു. പ്രാദേശികം മുതൽ കോഴിക്കോട് തിരുവനന്തപുരം വരെയുള്ള എല്ലായിടത്തുനിന്നുമുള്ള കോളുകൾ അതിൽപ്പെട്ടിരുന്നു. അങ്ങനെ പി എം ന്റെ ഒരു ഓഫീസ് ആയി ബൂത്ത് പരിണമിച്ചു. അത് പി എം സാദിഖലി, സി കെ സുബൈർ, ഷാജി കെ വയനാട് തുടങ്ങിയ ഏറെ സംസ്ഥാനനേതാക്കളെ പരിചയപ്പെടുന്നതിന് എനിക്കവസരം നൽകി. ഷാജി സാഹിബുമായി ആ ബന്ധം ടെലഫോൺ മുഖേന തുടർന്നുപോന്നിരുന്നു.
ആയിടെയാണ് എനിക്ക് സാക്ഷരതാമിഷനിൽ ഒഴിവു വന്ന ബ്ലോക്കുതല അസിസ്റ്റന്റ് പ്രേരക് സ്ഥാനത്തേക്ക് ഒരവസരം പി എം ഒരുക്കിത്തന്നത്. അത് എന്റെ സാമൂഹ്യപ്രവർത്തന രംഗത്ത് എനിക്കേറെ മൈലേജ് തന്ന ഒരു പദവിയായിരുന്നു. ഒട്ടേറെ പാർശ്വവൽകൃതർക്ക് നന്മ ചെയ്യാൻ സാഹചര്യമൊരുക്കിയ ഈ മേഖലയിൽ ഇപ്പോഴത്തെ വള്ളിക്കുന്ന് എം എൽ എ: പി.അബ്ദുൽ ഹമീദ് മാസ്റ്റർ, പി കെ അബൂബക്കർ ഹാജി, അപ്പേങ്ങൽ അജിത്പ്രസാദ്, ബ്ലോക്ക് പ്രേരകായ പി.രമാദേവി, വി സാറാമ്മറ്റീച്ചർ, തുടങ്ങിയവരെയും പി എം ഹനീഫിനൊപ്പം കൂട്ടിവായിക്കാതെ വയ്യ.
പി എം ഹാജരായ സായാഹ്നങ്ങളുടെ സർഗ്ഗവാസന്തം ഏറെ അനുഭവഭേദ്യമായിരുന്നു. ഒരിക്കലും തീർന്നു പോവരുതെന്നു നമ്മൾ ആഗ്രഹിക്കുന്ന സമയങ്ങളൊക്കെ നമ്മെ അതിവേഗം വിട്ടുപോകും. സാക്ഷരതാമിഷന്റെ ബ്ലോക്ക്തല റിസോഴ്സ് പേഴ്സണും സംസ്ഥാനതല കീ റിസോഴ്സ് പേഴ്സണുമായിരുന്നത്കൊണ്ട് തന്നെ പി എം മായി മുഴുവൻസമയബന്ധം നിലനിന്നിരുന്നു. ആ നിറഞ്ഞ പുഞ്ചിരിയുടെ ട്രേഡ്മാർക്ക് വിറ്റുപോകുന്നതിന് ഏറെ സാക്ഷിയായ ഒരാളായിരുന്നു ഞാനെന്നത് ഒരു സൗഹൃദത്തിന്റെ അഭിമാനമായി ഞാൻ കാണുന്നു.
വ്യക്തവും സുദൃഢവുമായ രാഷ്ട്രീയദർശനമുണ്ടെങ്കിലും വിശാലമായ പി എം ന്റെ സൗഹൃദവലയം എന്നെ അൽഭുതപ്പെടുത്തിയിരുന്നു. വളരെ അപൂർവ്വമായേ ഒറ്റപ്പെട്ട് കണ്ടിട്ടുള്ളൂ. അപ്പോഴൊക്കെ ആരുടെയെങ്കിലും പ്രശ്നങ്ങളോ പ്രയാസങ്ങളോ പരിഹരിക്കുന്നതിനുള്ള ചിന്തയിലായിരിക്കും. റബ്ബിലേക്കുള്ള മടക്കയാത്രയുടെ അഞ്ചാം ആണ്ടിന്റെ ഓർമ്മപ്പെരുക്കങ്ങളിൽ ചില മനസ്സിലാക്കലുകളെ വായിക്കുമ്പോൾ എനിക്ക് അവ പരിഹാസ്യമായാണ് തോന്നുന്നത്. ജീവിച്ചിരിക്കുമ്പോൾ മനസ്സിലാക്കാതെ കണ്ണിൽ നിന്നു മറഞ്ഞിട്ട് ഒരുപാട് മനസ്സിലാക്കിയിട്ടെന്ത് കാര്യം. യുവരാഷ്ട്രീയത്തിലെ പലരും ഭരണസാരഥ്യങ്ങളിൽ ചെങ്കോലേന്തിയപ്പോഴും പി എം അവിടെയൊക്കെ തഴയപ്പെട്ടു. പി എം ന്റെ എല്ലാ ശേഷികളെയും ഉപയോഗപ്പെടുത്തി എല്ലവരും വളർന്നു എന്നു തന്നെ പറയാം. എന്നാലും ആ തൂമന്ദഹാസം അങ്ങനെ തന്നെ തുടർന്നു. തന്റേതല്ലാത്ത ആവശ്യങ്ങൾക്കുവേണ്ടി ചെലവഴിച്ചത് കാരണം ഭീമമായ സാമ്പത്തിക ബാധ്യതയിലാണ് പി എം വീണു പോയത്. എന്നിട്ടും സ്വതവേയുള്ള ചിരിയോടെ സായാഹ്നസദസ്സിൽ ഉണ്ടാവും. തോളിൽ കൈവെച്ച് പോക്കറ്റിലേക്ക് പാളിനോക്കും. നിനക്കൊരു അഞ്ഞൂറിന്റെ നോട്ടൊക്കെ പോക്കറ്റിൽ വെച്ചൂടെ എന്നൊരു തമാശചോദ്യവും. പിന്നെ മേശവലിപ്പിൽ നിന്നു ഹനീഫ്ക്ക തന്നെ 10 രൂപ എടുത്ത് ഒരു പാക്കറ്റ് നിലക്കടല വാങ്ങി വരും . അതും കൊറിച്ചിരിക്കുന്നതിനിടെ കയറി വരുന്ന ഷറഫുദ്ദീൻ എടയാറ്റൂർ, മുനീർ വെള്ളിയഞ്ചേരി, ഷാഹുൽ ഹമീദ് വാക്കയിൽ, നൗഷാദലി കുരിക്കൾ, റഷീദ് ഇരിങ്ങാട്ടിരി, ഷാജി ആൽപ്പറ്റ, തുടങ്ങിയ സൗഹൃദങ്ങൾ കൂടി എത്തിയാൽ കോറം തികഞ്ഞു.അങ്ങനെ രാവേറെ പുലർച്ച വരെ നീളുന്ന സദസ്സ്.
അക്കാലത്തൊക്കെ കൂട്ടത്തിലുള്ളവർ തന്നെ പാരവെക്കുന്നതിനു ഏറെ സാക്ഷിയായിട്ടുണ്ട് ഞാൻ. അപ്പോഴൊക്കെ ചിരിച്ചു, പി എം. പാരവെച്ചവരുടെയും കുപ്പായക്കുടുക്കിൽ തെരുപ്പിടിച്ച് സൗഹൃദം പകുത്തുനൽകി. ഇടയ്ക്ക് എന്റെ വിവാഹസമയത്ത് ഞാൻ ചോദിക്കാതെതന്നെ എന്റെ പോക്കറ്റിലേക്കാഴ്ത്തിവെച്ചുതന്ന 10000/- രൂപ സ്നേഹത്തിന്റെ മറ്റൊരു രൂപമായിരുന്നു(അതിൽ 5000/- രൂപയാണ് തിരിച്ചുനൽകിയത്. ബാക്കി നമ്മൾ തമ്മിലുള്ള ബന്ധമാണെന്നു ചിരിച്ചു , പി എം).
ഒടുവിൽ കാലത്തിന്റെ , റബ്ബിന്റെ വേണ്ടുകയാൽ അസുഖബാധിതനായപ്പോഴും തന്റെ പ്രവർത്തനപാന്ഥാവിലൂടെ പോയ്ക്കൊണ്ടിരുന്നു പി എം; സ്വയം തളർന്നു വീഴുന്നത് വരെ. അസുഖ ബാധിതനായിട്ട് രണ്ട് തവണയാണ് എനിക്ക് ബന്ധപ്പെടാൻ കഴിഞ്ഞത്. ഞാൻ അതിന് ശ്രമിച്ചില്ലെന്ന് പറയുന്നതാവും ശരി. ആയിടെയാണ് എനിക്ക് ഖത്തറിലേക്ക് വിസ ശരിയാവുന്നത്. പോകുന്നതിനു മുമ്പ് ഞാൻ വിളിച്ചു. മുംബൈ ഹോസ്പിറ്റലിലായിരുന്നു. പോയിവായെന്നു മാത്രം പറഞ്ഞു. അത് അവസാനത്തെ സംസാരമായിരുന്നു ഞങ്ങൾ തമ്മിൽ. ഖത്തറിലെത്തിയിട്ട് വിളിച്ചുവെങ്കിലും നേരിൽ കിട്ടിയില്ല. ഒരാഴ്ച കൂടി കഴിഞ്ഞ് ഷറഫുവിന്റെ ഫോൺ കാൾ . നമ്മുടെ പി എം.............ഞാൻ വല്ലാത്തൊരു അവസ്ഥയിലായി.
അങ്ങനെ മറവിക്കും ഓർമ്മപ്പെടലിനും യാതൊരു സാധ്യതകളും ബാക്കിവെക്കാതെ ഹനീഫ്ക്ക പോയി. ഞങ്ങൾ തമ്മിലുള്ളതൊന്നും കീപാഡിൽ മുഴുവനാക്കൻ എനിക്കു കഴിയില്ല. ഹനീഫ്ക്കാ, 5000/- രൂപയിൽ കൂടുതൽ അനന്തസംഖ്യകളിൽ മാത്രം മൂല്യം കണക്കാക്കാവുന്ന സൗഹൃദത്തിന്റെ പാതി മജ്ജയും മാംസവുമായി , അറിഞ്ഞതിൽ പാതിയും പറയാനാവാതെ , പറഞ്ഞതിലെ പാതി പതിരിനെ കൊഴിച്ചു കളഞ്ഞ് , ഒരു കണ്ണി സൗഹൃദ വല ഇവിടെ സായഹ്നസദസ്സിലിരിക്കുന്നത് അങ്ങു കാണുന്നപോലെ , ആ മേഘമലരുകൾക്കിടയിലെ ആ മായാത്ത പുഞ്ചിരി ഞങ്ങളും കാണുന്നുണ്ട്.
:::::
അപൂർണ്ണവാക്കുകളോടെ,
••കമർ മേലാറ്റൂർ•
എഴുത്തുകാരനെ കുറിച്ച്

എഴുതാനും വായിക്കാനും താല്പര്യമുള്ള ഒരാൾ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login