ഒരു പുനർവായന #രാ-മായണം
- Articles
- Mohanan Vk
- 22-Jul-2018
- 0
- 0
- 2766
ഒരു പുനർവായന #രാ-മായണം
പരാപരപ്പൊരുൾ മൊഴികൾ
പെരുവഴിയെ, പോകെ കേൾക്കാം
മധുരം മധുരാക്ഷരം കാവ്യം
രാ - മാ യ ണം......
അഞ്ചാറ് പതിറ്റാണ്ട് മുമ്പ് മുതലേ കാതിനിമ്പം പകർന്നിരുന്ന മധുരാക്ഷരങ്ങൾ. അറുപത്തി രണ്ട് വർഷം മുൻപുള്ള ഒരു കർക്കിടകത്തിലെ ഒരു മൂലം നക്ഷത്രത്തിലേ തോരാമഴ ദിവസമാണത്രേ എന്റെ ജന്മദിനം. (അതു പിന്നീട് ഡിസംബർ മുപ്പതാക്കി - അതുമറ്റൊരു കഥ) എനിക്കോർമ്മവെച്ച നാൾമുതൽ എന്റെ ജന്മമാസത്തിൽ അച്ഛനോ അമ്മയോ വീട്ടിൽ രാമായണം പാരായണം ചെയ്തിരുന്നൂ. ചെറുപ്പത്തിൽ ഞാൻ കരുതിയത് എന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമാണീ വായന എന്നായിരുന്നു.
"രാമായണ മാസവും കർക്കിടകവുമായി എന്താ ബന്ധം?" അച്ഛനോടൊരിക്കൽ ഞാൻ ചോദിച്ചു.
"ഈ മാസമാണോ രാമനും എന്നേപ്പോലെ ജനിച്ചേ?"
"ഹേയ് ഒരിക്കലുമല്ല. മീന മാസത്തിലെ പുണര്തം നക്ഷത്രത്തില്‍ ആണ് ശ്രീരാമന്റെ ജനനം. കൂടുതൽ കൃത്യമായി പറഞ്ഞാൽ മകരം രാശിയില്‍, #കർക്കിടക_ലഗ്നത്തില്‍. ബീസീ -5114 ജനുവരി 10-ആം തീയതി, രാത്രി 12:30 ആണ് എന്നാണത്രേ ജ്യോതിഷ പണ്ഡിത മതം. ഇത്പെരുമഴക്കാലം. വെള്ള പ്പൊക്കക്കാലം. പണിയും പതവുമില്ലാത്ത, പാതകം പോലും വെള്ളത്തിൽ മുങ്ങും ക്ഷാമകാലം. നമുക്ക് പഷ്ണിക്കാലം. ഈ നാളുകളിൽ രാമനാമം ചൊല്ലി വീട്ടിൽ കുത്തിയിരിക്കാം. പട്ടണിമാറ്റാൻ പുണ്യം വരാൻ പ്രാർത്ഥിക്കാം. പൊന്നുംചിങ്ങോം ഓണോം കാത്തിരിക്കാം" അച്ഛൻ പറഞ്ഞു.
അന്നൊക്കെ അയൽപക്കക്കാരും ചിലരൊക്കെ ജാതീം മതോം മാറ്റിവെച്ച് പാരായണം കേൾക്കാൻ കൂടിയിരുന്നൂ. ഈ ദളിതക്കുടിയിലെ കട്ടൻ കാപ്പിയും കുടിച്ച് കാതോർത്തിരുന്നൂ.
'സാനന്ദ രൂപം സകല പ്രബോധം/
ആനന്ദ ദാനാമൃത പാരിജാതം/
മനുഷ്യ പത്മേഷു രവിസ്വരൂപം/
നമാമി തുഞ്ചത്തെഴുമാര്യപാദം'.
രാമായണം കിളിപ്പാട്ടെഴുതിയ കവിയെ വന്ദിച്ചു വേണം അദ്ധ്യാത്മരാമായണ "കാവ്യ" പാരായണം തുടങ്ങേണ്ടൂ എന്ന പ്രമാണം അച്ഛനും തെറ്റിച്ചിരുന്നില്ല. കാരണം അച്ചടിച്ച പുസ്തകം ആ ക്രമത്തിലല്ലേ പാരായണം ചെയ്യേണ്ടു.. എന്ന ന്യായം.
തുടർന്ന്..
കൂജന്തം രാമരാമേതി /
മധുരം മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം /
വന്ദേ വാല്മീകി കോകിലം
ആദികവി രാമായണ_ഇതിഹാസ കാവ്യം രചിച്ച വാല്മീകിമഹർഷി എന്ന കവിവര്യനേ സ്തുതിക്കുന്ന സ്തോത്രവും ചൊല്ലും.
"കാവിതാശാഖമേലേറി രാമരാമേതിയെന്ന് ഭംഗിയില്‍
കൂകിയ വാല്മീകി-യാകുന്ന കോകിലത്തെ വണങ്ങുന്നേന്‍-എന്ന് സാരം. അന്നൊക്കെ രാമായണവും ശ്രീമഹാഭാഗവതവുമോക്കെ വീട്ടിൽ വായിച്ചരുന്നത് ഈ പഞ്ഞമാസത്തിൽ മാത്രമായിരുന്നില്ല. മറ്റു പല വിശേഷ ദിനങ്ങളിലും ഈ പാരായണങ്ങളും, മഹാഭാരതം കഥയുടെ പറകൊട്ടിപ്പാടലും, പലപല ക്ഷേത്രങ്ങളിലും, തറവാട്ടു മുറ്റങ്ങളിലും, "പിണിദോഷമകറ്റുക" എന്ന സാമുദായിക ആചാര-അനുഷ്ഠാന കർമ്മം പോലെ അച്ഛൻ അനുഷ്ടിച്ചു പോന്നു. വീട്ടിലെല്ലാരും, (ഞാനുൾപ്പെടെ), പരമഭക്തരും ഈശ്വര വിശ്വാസികളും ആയിരുന്നു. ഇന്നുമതേ!. എങ്കിലും അവർ കടുത്ത കമ്യൂണിസ്റ്റ് പക്ഷപാതികളും ആയിരുന്നു. എന്നാൽ അന്നത്തെ സാമൂദായിക ജീവിതക്രമത്തിൽ തങ്ങളുടെ കമ്യൂണിസ്റ്റ് പക്ഷപാതിത്വം മറച്ചുവെക്കാനവർ നിർബ്ബന്ധിതരും ആയിരുന്നു.തങ്ങളുടെ പാരമ്പര്യസിദ്ധമായ അന്നവഴികൾക്ക് വിഘ്നം വരാതിരിക്കാൻ. അവരാരും വൈരുദ്ധ്യാത്മക ഭൗതികവാദമോ മാർക്സിയൻ ദാർശനിക കൃതികളോ വായിച്ചിട്ടല്ല, ഈ പക്ഷപാതിത്തം വന്നത്. മറിച്ച് പല പല തിക്തമായ ജീവിതാനുഭവങ്ങൾ അവരെ അങ്ങിനെ ആക്കിത്തീർത്തതാണ്.
പിന്നെ ഞാൻ 'കൊറേക്കൂടെ മുട്ടാനായി, വായനശ്ശാലേന്ന്' കവികളായ കുമാരൻ ആശാന്റെ ചിന്താവിഷ്ടയായ സീതയും, വള്ളത്തോൾ മലയാള രാമായണോം, വയലാറിന്റെ "താടകയിലെ" കവിതാ കുസുമങ്ങളും കുറെ വായിച്ചു. അതിലെ താടക ആരെന്ന വയലാർ വീക്ഷണം എത്ര ഹൃദ്യം എന്നു നോക്കുക. (യഥാർത്ഥ ചരിത്ര പശ്ചാത്തലത്തിൽ).
...ആര്യഗോത്ര തലവന്മാര്‍ അനുചരന്മാരുമായ് ദക്ഷിണ ഭാരതഭൂമിയില്‍
സംഘങ്ങള്‍ സംഘങ്ങളായി വന്നു
സംസ്കാര സംഹിതയാകെ തിരുത്തി കുറിച്ച നാള്‍
വാമന്മാരായി വിരുന്നു വന്നീ ദാന ഭൂമിയില്‍
യാഗ പശുക്കളെ മേയ്ച നാള്‍; ദ്രാവിഡ-
രാജാധിരാജ കിരീടങ്ങള്ളീമണ്ണില്‍
ഇട്ടുചവിട്ടി ഉടച്ചനാള്‍
വിശ്വ മാതൃത്വത്തെ വേദ മഴുവിനാല്‍ വെട്ടി-
പുരോഹിത പാദത്തില്‍ വെച്ച നാള്‍; ആദ്യമായ്-
ആര്യവംശാധിപത്യത്തിനെ ആട്ടിയകറ്റിയ
രാജകുമാരിയെ , താടകയേ.."
എന്ന വയലാർ വരിൾ വായിച്ച നാളുകളിലുടെ പല പല സംശയം പൊന്തി വന്നൂ. ചരിത്രത്തെ കലാപരമായി വക്രീകരിച്ച ചിത്രം തെളിയിച്ചു തന്നു. ഈ കാവ്യ പുസ്തകങ്ങളിലൊന്നും കവിയെ സ്തുതിക്കുന്ന സ്താത്രങ്ങളില്ലായിരുന്നൂ.
മാ നിഷാദ, പ്രതിഷ്ഠാം /
ത്വമഗമഃ ശാശ്വതീഃ സമഃ
യല്ക്രൗഞ്ഛമിഥുനാദേക- /
മവധീഃ കാമമോഹിതം.
എന്നാണ് ഭാരതചരിത്രത്തിലെ കാവ്യപ്രപഞ്ചത്തിലെ ആദികവി പാടിയത്.
"മാ-നിഷാദാ" എന്ന വാക്കിനു പോലും.പലരും പലവിധ വ്യാഖ്യാനം നൽകി വികലമാക്കുന്നുണ്ട്. ഉദാഃ
1)"മാ-നിഷാദാ" ''അല്ലയോ കാട്ടാളാ നീ ഇണചേര്‍ന്നിരുന്ന ക്രൗഞ്ച പക്ഷികളില്‍ ഒന്നിനെ അമ്പെയ്തുകൊന്നു. അതിനാല്‍ നിനക്ക് നിലനില്‍പ്പ് ഉണ്ടാകാതെ പോകട്ടെ.'' എന്നും;
(2)''അല്ലയോ മാനിഷാദാ (മഹാവിഷ്‌ണോ, രാമാ),
ക്രൗഞ്ച മിഥുനങ്ങളില്‍ നിന്ന് (മണ്ഡോദരിയും രാവണനുമാകുന്ന മിഥുനങ്ങള്‍) കാമമോഹിതനായ ഏകനെ (രാവണനെ) നീ വധിച്ചു. അതിനാല്‍ യുഗാന്തകാലം വരെ നീ നിലനില്‍പിനെയും ആനന്ദത്തെയും ഐശ്വര്യത്തെയും അനുഭവിച്ചാലും''
'മാ' എന്നാല്‍ ലക്ഷ്മീദേവി. 'നിഷാദന്‍' എന്നാല്‍ സ്ഥിതി ചെയ്യുന്നവന്‍. അതായത്, 'മാനിഷാദന്‍' ലക്ഷ്മീദേവിയുടെ ഇരിപ്പിട മായിട്ടുള്ളവന്‍ മഹാവിഷ്ണുവെന്നാല്‍ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍.
''മൂന്നാമത്തെ അര്‍ത്ഥം ഇങ്ങനെ:
(3) അല്ലയോ നിഷാദാ (നിഷാദനം ചെയ്യുന്നവന്‍, പീഡിപ്പിക്കുന്നവനാണ് നിഷാദന്‍. ഇവിടെ രാവണന്‍ എന്നര്‍ത്ഥം.) നീ ക്രൗഞ്ച മിഥുനങ്ങളില്‍ നിന്ന് (ഇവിടെ ക്രൗഞ്ചം എന്ന വാക്കിന് ക്ഷീണിച്ചത് എന്ന അര്‍ത്ഥമാണ്. രാജ്യം നഷ്ടപ്പെട്ട്, വനവാസം അനുഭവിച്ച് ആകെ പരിക്ഷീണരായ രാമനും സീതയുമാകുന്നു. ക്രൗഞ്ചമിഥുനങ്ങള്‍ എന്നു ഗ്രഹിക്കുക) ഒന്നിനെ (സീതയെ) അപഹരിച്ചു. അതിനാല്‍ ഏറെക്കാലം നിനക്ക് ജീവിക്കുവാന്‍ ഇടയാകാതെ പോകട്ടെ.'' നാലാമത് മറ്റൊരര്‍ത്ഥം.
(4) ''അല്ലയോ നിഷാദാ (രാമാ), നീ ക്രൗഞ്ച (രാക്ഷസ) മിഥുനങ്ങളില്‍നിന്ന് (രാവണനും, മണ്ഡോദരിയും) കാമവശനായ ഒന്നിനെ (രാവണനെ) നിഗ്രഹിച്ചു. ആകയാല്‍, നിനക്ക് ഭാര്യാസമേതനായി ഏറെക്കാലം കഴിഞ്ഞുകൂടുവാന്‍ ഇടയാകുകയില്ല.'' ഈ അര്‍ത്ഥമനുസരിച്ചാണെങ്കില്‍, ഈ ശ്ലോകം രാവണവധാനന്തരം രാമന്‍ സീതാസമേതനായി അയോധ്യയില്‍ ചെന്നു താമസിക്കുമ്പോള്‍ മഹര്‍ഷിയുടെ നാവില്‍നിന്ന് അടര്‍ന്നു വീണതാണെന്ന് പറയേണ്ടിവരും. ഗവേഷകരുടെ ഇടയില്‍ അങ്ങനെ ഒരു അഭിപ്രായം ഇല്ലാതെയില്ല, എന്നാണ് "ജന്മഭൂമിയിൽ" ഒരു പണ്ഡിതശ്രേഷ്ഠൻ വ്യാഖ്യാനിച്ചിട്ടുള്ളത്! (എന്താദ്, എന്തോരം പാണ്ടിത്യം, ല്ലേ?)
അതെന്തായാലും, നാം ഒന്നാമർത്ഥം സ്വീകരിക്കാം.
മാ.. നിഷാദാ.. എന്ന വിലാപത്തോടെ, ഒരു കാവ്യം
അരുത്.. കൊല്ലരുത് എന്ന കഠിന താക്കീതോടെ..
ക്രൗഞ്ചമിഥുനങ്ങളിലൊന്ന് അമ്പേറ്റു പിടഞ്ഞതു കണ്ട കവിഹൃദയം തേങ്ങിയത്, ആ നിരുപദ്രവ ജീവഹത്യയോടുള്ള കടുത്ത എതിർപ്പോടെയാണ് ക്ഷോഭിച്ചാണ്, ശാപവാക്കോടാണ് വാല്മീകി, രാമായണകഥ കാവ്യമാക്കി രചിച്ചത്. ഇണപ്പക്ഷികളിൽ ഒന്ന് വധിക്കപ്പെട്ടത് കണ്ടപ്പോൾ വാൽമീകിയുടെ മനസിൽ നിന്ന് ഈ മുൻപേ കേട്ടിട്ടുള്ള ചരിതമാണ് ആദികാവ്യമായി ഒഴുകിയത്.
അതിനർഥം വാൽമീകിയുടെ ജീവിതകാലത്തിനും വളരെ മുന്നേയാണ് രാമൻ ജീവിച്ചിരുന്നത് എന്നുമാകാം.
പത്തുതലയുള്ള രാവണനെ കൊല്ലാനായ് നടത്തിയ മനുഷ്യാവതാരമല്ല, താടകാ വധവുമല്ല വാല്മീകിയുടെ കഥയിലെ കേന്ദ്ര ബീന്ദു. അതിൽ രാമൻ ദൈവവുമല്ല. ത്രിലോകത്തിൽ ദേവന്മാരിലോ അസുരന്മാരിലോ കാണാൻ കഴിയാത്തത്ര ഉത്തമനായ സമ്പൂർണ്ണ മനുഷ്യൻ രാമൻ എന്നാണ് മഹർഷി, രേഖപ്പെടുത്തുന്നത്. വിഷ്ണുവിന്റെ അവതാരവുമല്ല. അത് വൈഷ്ണവർ പിൽക്കാലത്ത് ആധ്യാത്മിക ഭാവത്തോടെ തിരുത്തിയ പരിപ്രേക്ഷ്യം മാത്രം.
ചരിത്രാതീത കാലം മുതൽ വിവിധ ഭൂഖണ്ഡങ്ങളിലായ് വ്യാപരിച്ച കഥയാണിത്. വാൽമീകി മഹർഷിയാൽ എഴുതപ്പെട്ട രാമായണത്തിന് മലയാളത്തിൽ അദ്ധ്യാത്മ രാമായണം, ഹിന്ദിയിൽ തുളസീദാസിന്റെ രാമചരിതമാനസം, ആന്ധ്രയിലെ രംഗനാഥ രാമായണം, അസമിലെ സപ്തകാണ്ഡ രാമായണം, ബംഗാളിലെ കൃത്തിവാസ രാമായണം,തമിഴിലെ കമ്പരാമായണം തുടങ്ങി ലോകത്തെമ്പാടുമായി മൂന്നൂറിലധികം രാമായണ പുനരാഖ്യാനങ്ങൾ എഴുതപ്പെട്ടിട്ടുണ്ടത്രേ. ബർമ്മ, ഇന്തോനേഷ്യ, കമ്പോഡിയ, ലാവോസ്, തായ്‌ലൻഡ്, മലേഷ്യ, ജപ്പാൻ, മംഗോളിയ, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളിൽ രാമായണത്തിന് വിവർത്തനങ്ങളോ പുനരാഖ്യാനങ്ങളോ ഉണ്ടായിട്ടുണ്ട്. വടക്കേ മലബാറിലെ യക്ഷഗാനവും മാപ്പിളപ്പാട്ടിലൂടെ പ്രചരിച്ച മാപ്പിളരാമായണവും ഈ കൃതിയുടെ വ്യാപ്തിയെ കാണിക്കുന്നു. രാവണൻ എന്ന വില്ലൻ കഥാപാത്രത്തെ നായകനാക്കിയും വിവിധ ഭാഷകളിൽ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. മലാളത്തിൽ തന്നെ സി എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി പോലുള്ള രചനകൾ ഇതിനു ഇതിനുദാഹരണമാണ്. ഏകദേശം മൂവായിരത്തിൽ പരം രാമകഥകൾ ലോകമെമ്പാടുമാ യുണ്ടത്രേ. ഇന്ത്യയിലെ രാമായണകഥകൾ പോലും മൂലരാമായണത്തിൽ നിന്നും വഴിപിരിച്ച് ആദ്ധ്യാത്മികമായി, അതിൽത്തന്നെ ഭക്തിയുടെ അതിഭാവുകത്വം ചാലിച്ചു ചേർത്ത എഴുത്തച്ഛന്റെ കിളിപ്പാട്ടുംമെല്ലാം വാല്മീകി മഹർഷിയുടെ മൂലകാവ്യത്തിൽ കാതലായ മാറ്റങ്ങൾ കൂട്ടിച്ചേർത്ത പരിപ്രേക്ഷ്യങ്ങൾ മാത്രമത്രേ.
മുൻപുദ്ധരിച്ച വയലാറിന്റെ വരികളിൽ ആ ചരിത്ര പശ്ചാത്തലം മറ്റൊരു വീക്ഷണ കോണിലൂടെ തെളിഞ്ഞു കാണാം. കേരള വാല്മീകി എന്നു പുകൾപെറ്റ വള്ളത്തോളിന്റെ വാല്മീകീ രാമായണ മലയാള പരിഭാഷാ ചിത്രം ഗൂഗിളിൽ പോലും വിശദാംശങ്ങളില്ലാതാക്കി. ഉത്തരരാമായണം വായിക്കൻ പാടില്ലത്രേ, കർക്കിടക പാരായണത്തിൽ. അതിൽ സീതാ ദുഃഖമുണ്ട്. ലവ-കുശന്മാർ അയോദ്ധ്യയിലെത്തി വാല്മീകി പഠിപ്പിച്ച രാമകഥ പാടുന്നുണ്ട്. സീത ജീവിച്ചിരിക്കെ സ്വർണ്ണംകൊണ്ട് പത്നിയെ നിർമ്മിച്ച് രാമൻ യാഗം ചെയ്യുന്നുണ്ട്, അവസാനം വാല്മീകീ സമേതയായ് സീത അയോദ്ധ്യയി ലെത്തുന്നുണ്ട്. സീതയുടെ പാതിവൃത്യം വാല്മീകീ സമക്ഷം സത്യവാക്മൂലം സമർപ്പിച്ച്, സീത-സീതത്തിലേയ്ക്ക് അന്തർധാനം ചെയ്യുന്നുണ്ട്. രാമൻ അത്ഭുതസ്തബ്ധനായ് ക്രൂധനാകുന്നുണ്ട്..
"വിശ്വവും നിശ്ചലമായതുനേരംതന്നേ /
മന്നവൻ താനുമരനേരം പിന്നെ /
വന്നകോപത്തോടു ചൊല്ലിനാൻ താമൻ, ഭൂമി-/
എന്നുടെ മുന്നിൽ നിന്നു സീതയെ കൊണ്ടുപോയ-/
തന്യായമെന്നു വരുത്തീടുവനധൂതനാഞാൻ /
ഭൂതലം ജലമയമാക്കുവനിന്നേമുതൽ../
-ഭൂതലമാകെ പ്രളയത്തിൽ മുക്കിത്താഴ്ത്തും, എന്നാണ് എഴത്തച്ഛനും എഴുതേണ്ടി വന്നത്.
...
"സുതർ മാമുനിയോടയോദ്ധ്യയിൽ / ഗതരായോരളവന്നൊരന്തിയിൽ
അതിചിന്ത വഹിച്ച സീത"-യുടെ
ദുഃഖ കഥ ആശാനും വിശദമാക്കുന്നൂ.
"വിടുകെൻ കഥ; വത്സ വാഴ്ക നീ
നെടുനാളഗ്രകജനേകബന്ധുവായ്
ഇടരെന്നിയെയഗ്ഗുണോൽക്കരം
തടവും ബന്ധുജനങ്ങളോടുമേ.
.......
നെടുനാൾ വിപിനത്തിൽ വാഴുവാ- /
നിടയായ് ഞങ്ങളതെന്റെ കുറ്റമോ? / പടുരാക്ഷസചക്രവർത്തിയെ-/
ന്നുടൽമോഹിച്ചതു ഞാൻ പിഴച്ചതോ?
എന്ന് മനോഗതം ചൊല്ലുന്നൂ.
.........
വാല്മീകിയും സാക്ഷ്യപ്പെടുത്തുന്നുണ്ട്
"രാമനാൽ സംശയിക്കപ്പെട്ട സീതയുടെ ചാരിത്രശുദ്ധി! രാമസമക്ഷം, പ്രജാസഭാസമക്ഷം:
"ഇവൾ (സീത) കളങ്കിതയെങ്കിൽ, ഞാനാർജ്ജിച്ച എല്ലാ തപശ്ശക്തിയും ഇക്ഷണം നശിച്ചുപോകട്ടെ"
എന്ന ആത്മശാപ വാക്കിനാൽ.
രാമനേറ്റു പറയുന്നൂ..
സത്യമെന്നിയേ പറഞ്ഞറവിലൊരുനാളും/ പൃത്ഥീനന്ദിനിയാം ജാനകീദേവിക്കേതും/
"അന്ധനായ് വിചാരമേതുമില്ലായ്കയാ-ലുപേക്ഷിച്ചേൻ/
നിന്തിരുവടിയതു പൊറുത്ത കൊള്ളേണമേ/"
എന്ന് വാല്മീകീ (നിന്തിരുവടി) സമക്ഷം രാമൻ 'അഭ്യർത്ഥിച്ച'തായാണ് എഴുത്തച്ഛനും ഏറ്റുപറയുന്നത്.
അവസാനം സീത യാഗവേദിയിലെത്തി രാമനോട് മാപ്പിരക്കുകയല്ല, വിഷാദമൂകയായി രാമ പാദങ്ങളിൽ വീണ് കേഴുകയല്ലാ, (ആശാൻ ചിന്താവിഷ്ടയായ സീതയിൽ പറയുന്നൂ)
വേണ്ടാ ഖേദമെടോ, സുതേ!
വരികയെന്നോതും മുനീന്ദ്രന്റെ കാൽ-
ത്തണ്ടാർ നോക്കിനടന്നധോവദനയായ് ചെന്നസ്സഭാവേദിയിൽ
മിണ്ടാതന്തികമെത്തി,
യൊന്നനുശയക്ലാന്താസ്യനാം കാന്തനെ-
ക്കണ്ടാൾ പൗരസമക്ഷ,
മന്നിലയിലീ/ലോകം വെടിഞ്ഞാൾ സതീ.
സീതം-സീതത്തിൽനിന്നും-ഉഴവുചാലിൽ നിന്നും വന്നവൾ, മണ്ണിന്റെ മാറു പിളർന്ന്
അന്തർധാനം-ആത്മത്യാഗം ചെയ്യുന്നു.
ഇതാണ് രാമായണത്തിന്റെ സുപ്രധാന രംഗം
എന്ന് ചിന്താവിഷ്ടയായ സീതയിൽ
അവസാന വരികളിൽ ആശാനും കുറിച്ചത്.
ചരിത്രത്തെ ശാസ്ത്രീയമായ ഒരു പഠനത്തിനു വിധേയമാക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ മുന്നിലെ ആദ്യത്തെ തടസം, ലഭ്യമായിട്ടുള്ള ലിഖിത ചരിത്രം പലപ്പോഴും ഒരു പ്രബലവര്‍ഗം സ്വകാര്യ താല്‍പര്യ സംരക്ഷണത്തിനായി തിരുത്തി എഴുതിയ ചരിത്രമാവും എന്നതാണ്. ഇന്ത്യയുടെ കാര്യത്തില്‍ ഇത്തരം പല തരം തിരുത്തി എഴുതി ദുർവ്യാഖ്യാനം ചെയ്ത ചരിത്രങ്ങള്‍ ലഭ്യമാണ്. അതിൽ മതഭക്തീതിലകം തൊട്ടാൽ, ആരും എതിർവാക്കോതാനും പാടില്ലല്ലോ!
രാമായണം പുനർ വായനകൾ അനവധി വേണം.
യാഥാര്‍ഥ്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്നതിനും, മുന്‍ വിധികളില്ലാതെ വ്യാഖ്യാനിക്കുന്നതിനും, പ്രത്യക്ഷത്തില്‍ ബന്ധപെട്ടതല്ലെന്നു തോന്നുന്ന അനേകം വസ്തുതകളുടെ സങ്കീര്‍ണമായ ബന്ധത്തെ കൂട്ടിയിണക്കുന്നതിനും, അങ്ങിനെ ചരിത്രത്തിന്റെ സാമൂഹ്യ വികാസ നിയമങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും യുക്തിപൂർവ്വം ചിന്തിക്കുന്ന ഒരു ആസ്വാദകനു മാത്രമെ കഴിയുകയുള്ളു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ രാമായണ കാവ്യവും, മറ്റിതിഹാസങ്ങളും അതിന്റെ പ്രത്യയശാസ്ത്രവും ഇതുവരെയും ഇവിടെ ദുര്‍ബലമായേ വികസിചിട്ടുള്ളു എന്നതിനാല്‍ അവര്‍ക്കു പ്രാചീന ഭാരതത്തിന്റെ, കേരളത്തിന്റെ ചരിത്രപ്രശ്നങ്ങളില്‍ ചരിത്രപരമായ ഭൗതികവാദം പ്രയോഗിക്കുന്നതിനു കഴിഞ്ഞിട്ടില്ല.
മനുഷ്യജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും നിർണായക സ്വാധീനം ചെലുത്തിയ ഒന്നാണല്ലോ മതവിശ്വാസവും മതാനുഷ്ഠാനങ്ങളും. സാമൂഹ്യമായ ആവശ്യങ്ങൾക്കനുസരിച്ച് നിർധാരണം ചെയ്യപ്പെടുന്നവയാണ് മതാനുഷ്ഠാനങ്ങൾ. അതായത്, എല്ലാ സമൂഹങ്ങളിലും മതാനുഷ്ഠാനങ്ങളും സാമൂഹ്യകാഴ്ചപ്പാടുകളും തമ്മിൽ അനിഷേധ്യമായ കൊള്ളകൊടുക്കലുകൾ എല്ലാക്കാലത്തും സംഭവിക്കാറുണ്ട്. അതായത്, സമൂഹത്തെയും മത ആശയങ്ങളെയും അനുഷ്ഠാനങ്ങളെയും തികച്ചും വേർതിരിച്ച് നിർത്തിക്കൂടാ എന്ന അടിസ്ഥാനപരമായ ആശയം നിരാകരിക്കുക വയ്യ എന്നർഥം.
സാമാന്യജനങ്ങളെ കാവ്യലാവണ്യത്തിന്റെ അവകാശികളാക്കി ഉയർത്തുക എന്ന ധർമമാണ‌് മുഖ്യമായി ഇന്നിന്റെ കടമ. ഹൈന്ദവ സംസ്കാരിക ഗ്രന്ഥങ്ങൾ ഭക്തഹൈന്ദവരുടെ മാത്രം സ്വന്തമല്ല.
പുനർ വായനകൾ ഇനിയും അനവധി വേണ്ടിയിരിക്കുന്നൂ.
---------------------------------------
വര-മോഹനൻ വികെ.
എഴുത്തുകാരനെ കുറിച്ച്

മോഹനൻ വികെ നെടുമുടി. കുട്ടനാട്ടിൽ, നെടുമുടി എന്ന ഗ്രാമത്തിൽ 1954 ഡിസംബറിൽ ജനനം എന്ന് ജന്മ സാക്ഷ്യപത്രം. എന്നാൽ, അതിനും ശേഷം ഉള്ള ഒരു കർക്കിടകത്തിലെ മൂലം നക്ഷത്ര ജാതൻ എന്ന് 'അമ്മ പറഞ്ഞു. നെടുമുടി എൻ.എസ്.യുപി.എസ്, മങ്കൊമ്പ്, എ.റ്റി.എഛ്.എസ്, ചങ്ങനാശേരി, എൻ.എസ്.എസ്.കോളേജ്, ആലപ്പുഴ, എസ്.ഡി. കോളേജ്, എന്നീ വിദ്യാലയങ്ങളിൽ പഠനം. ബി.കോം പഠന കാലത്തു തന്നെ തിരുവനന്തപുരം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഓഫീസിൽ ജോലി കിട്ട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login