ഒരു പ്രെസൈഡിങ് ഓഫീസറുടെ ഡയറി കുറിപ്പ്
- Stories
- EG Vasanthan
- 23-Oct-2017
- 0
- 0
- 1347
ഒരു പ്രെസൈഡിങ് ഓഫീസറുടെ ഡയറി കുറിപ്പ്

സമയം ഒരു മണി. വോട്ടു ചെയ്യാനായി പ്രായമായ ഒരു സ്ത്രീ ബുത്തിനുള്ളിലേക്കു കയറിവന്നു. കൂടെ ഒരു പയ്യനുമുണ്ട്.
''അമ്മൂമ്മയ്ക്ക് കണ്ണിന് കാഴ്ചക്കുറവാണ്. ഓപ്പണ് വേട്ട് ചെയ്യിക്കണം.'' പയ്യന് ഫസ്റ്റ് പോളിങ് ഓഫീസറോട് പറഞ്ഞു.
ഉടനെ ഫസ്റ്റ് പോളിങ് ഓഫീസര് അവരെ പ്രിസൈഡിങ് ഓഫീസറായ എന്റെ അടുത്തേക്കു വിട്ടു. ഇതിനിടയിലാണ് ഒരു ഏജന്റ് എന്നോട് പതുക്കെ പറഞ്ഞത്:
''സാറെ അമ്മൂമ്മയ്ക്ക് ഒരു കാഴ്ചക്കുറവുമില്ല. എന്റെ അയല്ക്കാരിയാണ്. സാര് ടെസ്റ്റ് ചെയ്തിട്ടേ ഓപ്പണ് വോട്ട് ചെയ്യിക്കാവൂ.''
അമ്മൂമ്മയും സഹായിയും എന്റെ അരികിലെത്തി.
''എന്താ അമ്മൂമ്മയുടെ പേര്?'' ഞാന് ചോദിച്ചു:
''പാറുക്കുട്ടി.''
''എന്താ പാറുക്കുട്ടിയമ്മയ്ക്ക് വോട്ടു ചെയ്യാന് ബുദ്ധിമുട്ട്?''
''കണ്ണു കണ്ടൂട മോനെ.''
പ്രിസൈഡിങ് ഓഫീസര് ഐ സ്പെഷ്യലിസ്റ്റായി മാറാന് പിന്നെ താമസമുണ്ടായില്ല.
കണ്ണുപരിശോധന ആരംഭിച്ചു.
ഞാന് ഒരു പേനയെടുത്ത് അമ്മൂമ്മയെ കാണിച്ചു.
''ഇതെന്താ അമ്മൂമ്മേ?'' ഞാന് ചോദിച്ചു.
''കത്രിക.'' അമ്മുമ്മ പറഞ്ഞു
ഞാന് സ്കെയിലെടുത്ത് ഉയര്ത്തിക്കാണിച്ചു.
''ഇതോ?''
''ഇതൊരു വടി.''
പ്രിസൈഡിങ് ഓഫീസറുടെ കൈപ്പുസ്തകം കാണിച്ചിട്ട് ചോദിച്ചു:
''ഇതോ അമ്മൂമ്മേ?''
''ഒരു മുറം''
ഒരു രക്ഷയുമില്ല.
ഞാന് എന്നെത്തന്നെ ചൂണ്ടിക്കാണിച്ചിട്ട് ചോദിച്ചു:
''കാണുന്നില്ലേ?''
''ഉവ്വ് മോനെ.''
അതുകേട്ടപ്പോള് എനിക്ക് ഇത്തിരി സമാധാനമായി.
''എന്തായി തോന്നുന്നു?'' ഞാന് വീണ്ടും ചോദിച്ചു.
''ഒരു കരിംഭൂതം പോലെ.''
ഞാനതു കേട്ട് ഞെട്ടി.
പിന്നെ ഞാന് ഒന്നും ചോദിക്കാന് നിന്നില്ല.
വോട്ട് രേഖപ്പെടുത്തിയ സഹായിയുമായി പുറത്തേക്ക് നടക്കുമ്പോഴാണ് അമ്മൂമ്മ ബൂത്തിലെ ഏജന്റുമാരെ കണ്ടത്. ഒരു നിമിഷം അവരെ നോക്കിനിന്നിട്ട് അമ്മൂമ്മ പറഞ്ഞു:
''അല്ല, മൊയ്തീന് ഇവിടെയിരിപ്പുണ്ടല്ലേ? അല്ല, ദിനകരനുമുണ്ടല്ലോ..''
സഹായിയുടെ കൈ പിടിച്ച് അമ്മൂമ്മ പുറത്തേക്കിറങ്ങുമ്പോള് എന്നെ നോക്കി ചിരിച്ചത് ഞാന് കണ്ടില്ലെന്ന് നടിച്ചു.
- ഇ.ജി. വസന്തന്
എഴുത്തുകാരനെ കുറിച്ച്

ഇ.ജി. വസന്തന് തൃശൂര് ജില്ലയിലെ മതിലകത്ത് ജനനം. പാപ്പിനിവട്ടം എ.എം.എല്.പി സ്കൂള്, മതിലകം സെന്റ് ജോസഫ്സ് ഹൈസ്കൂള്, നാട്ടിക എസ്.എന്. കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മൂത്തകുന്നം എസ്.എന്.എം ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില് പഠനം. പനങ്ങാട് ഹയര് സെക്കന്ററി സ്കൂളിലെ മുന് പ്രധാന അധ്യാപകന്. ബാലയുഗം, മലര്വാടി എന്നിവയില് ചിത്രകഥകള് വരച്ചു. വീക്ഷണം, കേരളശബ്ദം, കുങ്കുമം, നാന, മലയാളനാട്, നര്മദ,
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login