സെന്റ് ജോൺസ് ചർച്ചിലെ കോൺവെന്റ് റൂം
- Stories
- Ranju Kilimanoor
- 27-Nov-2020
- 0
- 0
- 2683
സെന്റ് ജോൺസ് ചർച്ചിലെ കോൺവെന്റ് റൂം

പേര് : സെന്റ് ജോൺസ് ചർച്ചിലെ കോൺവെന്റ് റൂം
ഒറിജിൻ : അലക്സി കഥകൾ
രചന: രഞ്ജു കിളിമാനൂർ
ഭാഗം:1
പാതിരാത്രി കഴിഞ്ഞിട്ടുണ്ടാവണം.
അലക്സി വന്നെന്നെ കുലുക്കി വിളിച്ചു.
"ജോൺ നിങ്ങളുടെ ഉറക്കം തടസ്സപ്പെടുത്തിയതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു..
നമുക്ക് അത്യാവശ്യമായി ഇവിടുത്തെ സെന്റ് ജോൺസ് ചർച്ച് വരെ ഒന്ന് പോകേണ്ടതുണ്ട്, പെട്ടെന്ന് തന്നെ എഴുന്നേൽക്കൂ...."
ഞാൻ പുതപ്പ് വലിച്ചു മാറ്റിയ ശേഷം ചാടിയെണീറ്റു..
"നിങ്ങൾ ഇതുവരെയും ഉറങ്ങിയില്ലേ അലക്സി??"
"ഉറങ്ങിയതായിരുന്നു... മയക്കം പിടിച്ചപ്പോഴേക്കും നമ്മുടെ ഡിസിപി സൈമണിന്റെ കാൾ വന്നു...!
ഒരു ബ്രൗൺ തൊപ്പിയെടുത്ത് തലയിൽ വെച്ചു കൊണ്ടയാൾ തുടർന്നു..
"ജോൺ... അയാളുടെ സഹോദരി മാർഗരറ്റ് അല്പം മുമ്പ് സെന്റ് ജോൺസ് പള്ളിയിലെ കോൺവെന്റിൽ വെച്ച് കൊല്ലപ്പെടുകയുണ്ടായി.
ആ പള്ളിയിലെ തന്നെ ഒരു കന്യാസ്ത്രീയാണവർ..
നാല് വർഷമായി അവർ പള്ളിയിലെ കോൺവെന്റിൽ തന്നെയാണ് താമസിച്ചു വരുന്നത്..
പോലീസ് എത്തി തെളിവുകൾ ശേഖരിക്കുന്ന സമയം നമ്മളും അവിടെ ഉണ്ടാകണം..
ജോണിനറിയാമല്ലോ സൈമൺ എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്. എന്നെപ്പറ്റി വളരെ വ്യക്തമായി അറിയുകയും മനസിലാക്കുകയും ചെയ്യുന്ന ഒരാൾ.. അങ്ങനെയുള്ള ഒരാൾക്ക് വേണ്ടി നമ്മൾ കൂടി സമാന്തരമായി ഒരന്വേഷണം നടത്തുന്നത് എന്ത് കൊണ്ടും വളരെ പ്രാധാന്യമേറിയൊരു കാര്യമാണെന്നയാൾ ചിന്തിക്കുന്നുണ്ടാകണം.
പക്ഷെ അതൊന്നും വിശദമായി സംസാരിക്കാനുള്ള ഒരു മനസികാവസ്ഥയിലായിരുന്നില്ല അയാളപ്പോൾ!!"
"ഉം..."
"ജോൺ എത്രയും പെട്ടെന്ന് റെഡിയാകൂ.."
അയാളത് പറഞ്ഞിട്ട് ധൃതിയിൽ നീല നിറത്തിലുള്ള ഒരു ജീൻസ് എടുത്തിടാൻ ആരംഭിച്ചു. ഞാനും പെട്ടെന്ന് തന്നെ റെഡിയായി..
ഒരു പത്ത് മിനിട്ടിനുള്ളിൽ തന്നെ ഞങ്ങൾ കാറെടുത്ത് നേരെ സെന്റ് ജോൺസ് പള്ളിയിലേക്ക് പാഞ്ഞു..
കാർ വെളിയിൽ നിർത്തിയിട്ട് ഞങ്ങൾ ഉള്ളിലേക്ക് കടക്കുമ്പോൾ പോലീസ് വണ്ടികൾ മൂന്നെണ്ണം കോമ്പൗണ്ടിൽ കിടക്കുന്നത് കാണാമായിരുന്നു.
ചുറ്റുവട്ടത്തൊന്നും വീടുകൾ ഇല്ലാതിരുന്നതിനാലും അർധരാത്രി കഴിഞ്ഞിരുന്നതിനാലും അവിടെ വലിയ ആൾക്കൂട്ടമൊന്നും തന്നെ ഉണ്ടായിരുന്നില്ല.
സെമിത്തേരിയൊക്കെയുള്ള സാമാന്യം വലിയൊരു പള്ളി തന്നെയായിരുന്നു അത്.
പള്ളിയിൽ നിന്നും അല്പം ദൂരത്തിലായാണ് കോൺവെന്റ് നിന്നിരുന്നത്. പൂർണമായും കല്ലുകൾ കൊണ്ട് കെട്ടിപ്പൊക്കിയൊരു
രണ്ട് നിലക്കെട്ടിടമായിരുന്നു അത്.
അതിന്റെ താഴത്തെ നിലയിലെ നാലാമത്തെ റൂമിൽ വെളിച്ചം കണ്ടത് കൊണ്ട് ഞങ്ങൾ അങ്ങോട്ടേയ്ക്ക് ശ്രദ്ധിച്ചു.
കുറേ പോലീസുകാർ റൂമിന് പുറത്തായി നിൽപ്പുണ്ടായിരുന്നു.
ഞങ്ങൾ അങ്ങോട്ടേയ്ക്ക് നടന്നു.
പെട്ടെന്ന് തന്നെ ഞങ്ങൾക്ക് മുന്നിലായി നിന്നിരുന്ന കട്ടിമീശയൊക്കെയുള്ള ഒരു കോൺസ്റ്റബിൾ കൈ നീട്ടി ഞങ്ങളെ തടഞ്ഞു.
"കൊലപാതകം നടന്ന സ്ഥലമാണ് അകത്തേക്ക് പോകാൻ പറ്റില്ല..!"
"ഞങ്ങൾ ഡിസിപി സൈമൺ പറഞ്ഞിട്ട് വന്നതാണ്!"
അല്പം പരുഷമായിത്തന്നെ അലക്സിയും പറഞ്ഞു..
അയാൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി..
അലക്സി സൈമണെ കാൾ ചെയ്തിട്ട് ഫോൺ കോൺസ്റ്റബിളിനെ ഏൽപ്പിച്ചു.
അല്പ സമയത്തിനുള്ളിൽ ഞങ്ങൾക്ക് പോകാനുള്ള അനുവാദം കിട്ടി...!
"നിങ്ങൾ പള്ളിയിലെത്തിയിട്ട് അധികനേരമായോ ??"
അലക്സി അയാളുടെ മറുപടിക്ക് വേണ്ടി ഒരു നിമിഷം കാത്ത് നിന്നു..
"അധിക സമയമായിട്ടില്ല...
കൂടിപ്പോയാൽ ഒരു പതിനഞ്ചോ ഇരുപതോ മിനിട്ട് ആയിക്കാണും..!"
അയാളുടെ മറുപടിയിൽ ആദ്യത്തെ ധാർഷ്ട്യം ഉണ്ടായിരുന്നില്ല എന്നത് ഞാൻ ശ്രദ്ധിച്ചു..
"ശരി.. ഞങ്ങൾ അങ്ങോട്ടേയ്ക്ക് ചെല്ലട്ടെ...
അയാളോട് ഒന്ന് ചിരിച്ചിട്ട് ഞങ്ങൾ ആ മുറിയ്ക്ക് നേരെ നടന്നു..
കോൺവെന്റിന്റെ ചുവരുകളിൽ യേശുദേവന്റെ പലപല ചിത്രങ്ങൾ വരച്ചിരുന്നത് ഞാൻ ശ്രദ്ധിച്ചു...
കോൺവെന്റിനെതിരെ പൈപ്പിൽ നിൽക്കുന്ന ടങ്ങ്സ്റ്റൺ ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിൽ പോലും അവയ്‌ക്കെല്ലാം ജീവനുള്ളത് പോലെ തോന്നിയിരുന്നു.
കുരിശ് തലയിൽ ചുമന്നു നിൽക്കുന്ന യേശുവിന്റെ മുഖഭാവം അദ്ദേഹത്തിന്റെ ചുമലിലെ ഭാരത്തെയും അത്രയും നേരം നടന്ന ക്ഷീണത്തെയും വ്യക്തമായി കാണിക്കുന്നുണ്ടായിരുന്നു എന്ന് തോന്നി.
അദ്ദേഹത്തിന്റെ വായിൽ നിന്നും ഊർന്ന് വീഴുന്ന ഓരോ രക്തത്തുള്ളികൾ പോലും വളരെ വ്യക്തമായി മനസിലാകത്തക്ക വിധത്തിലായിരുന്നു ആ ചിത്രങ്ങൾ വരച്ചിരുന്നത്.
ഒരു കൊലപാതകം നടന്ന മുറിയിലേക്ക് അർധരാത്രിയിലുള്ള സന്ദർശനം തീർച്ചയായും ഭീതിജനകം തന്നെയാണെന്നെനിക്ക് നന്നായിത്തന്നെ ബോധ്യപ്പട്ടു...!
ഞങ്ങൾ വരാന്തയിൽ കയറി വലത്തേക്ക് തിരിഞ്ഞ് മർഡർ നടന്നു എന്ന് കരുതപ്പെടുന്ന മുറിയുടെ വാതിൽക്കലെത്തി.
സൈമൺ നാല് എന്ന് നമ്പറിട്ട ആ മുറിക്കു പുറത്ത് തന്നെ ഒരു ബെഞ്ചിൽ തലയും കുമ്പിട്ട് ഇരിക്കുന്നത് കാണാമായിരുന്നു..
അലക്സി അയാളോടൊപ്പം ആ ബെഞ്ചിൽ ചെന്നിരുന്ന ശേഷം പതിയെ അയാളുടെ തോളിൽ പിടിച്ചു..
അയാൾ മുഖമുയർത്തി അലക്സിയെ ഒന്ന് നോക്കിയ ശേഷം കരഞ്ഞു കൊണ്ട് അയാളുടെ വലത്തേ തോളിലേക്ക് വീണു.
അലക്സി ആശ്വസിപ്പിക്കാൻ വേണ്ടി അയാളുടെ മുടികളിൽ വിരലോടിച്ചു കൊണ്ടിരുന്നു...
കുറച്ച് സമയം അങ്ങനെ കടന്ന് പോയി..
സൈമണാണ് മൗനം ഭഞ്ജിച്ചത്..
"നീ കണ്ടോ അലക്സി അവളെ....!!!
കൊന്നു കളഞ്ഞടാ എന്റെ മോളിക്കുട്ടിയെ...!!"
ദേഷ്യത്തോടെ അയാൾ തല ഉയർത്തി നോക്കി..
ആ മുഖം വൈരാഗ്യത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ചുവന്നു തുടുക്കുന്നത് ആ ഇരുട്ടിലും വ്യക്തമായിത്തന്നെ ഞാൻ കണ്ടു.
"അലക്സി ഈ ചെയ്തത് ഏത് നായിന്റെ മോനായാലും എനിക്കവനെ വേണം.
അതിന് നിനക്കേ എന്നെ സഹായിക്കാൻ കഴിയൂ..
മറ്റാരെയും ഞാൻ വിശ്വസിക്കുന്നില്ല..
ഒരു പ്രോട്ടോക്കോളും ഈ കേസിലുണ്ടാകില്ല എന്ന് ഞാനുറപ്പ് തരാം നിനക്ക്..
പകരം എനിക്ക് നീ കാണിച്ചു തരേണ്ടത് ഒരാളെ മാത്രം...
അതും കൃത്യമായ തെളിവുകളോടെ..
നിനക്കതിനു കഴിയും...
എനിക്കുറപ്പുണ്ട്...!
പോ..... ചെല്ല്...
അയാൾ റൂമിലേക്ക് കൈ ചൂണ്ടി...
മുറിയിലേക്ക് കടക്കുമ്പോഴേക്കും അയാൾ വിങ്ങിപ്പൊട്ടുന്ന ശബ്ദം ഞങ്ങൾക്ക് പുറകിലായി കേൾക്കാമായിരുന്നു...
ഒരു കോൺസ്റ്റബിൾ ഞങ്ങൾക്ക് പോലീസ് ബൂട്ട്സും ഗ്ലൗവ്സും നൽകി. അലക്സി ആ റൂമിലേക്ക് കയറി, ഞാനയാളെ അനുഗമിച്ചു..
റൂമിലേക്ക് കയറിയപ്പോൾ തന്നെ ആ ഭീകര ദൃശ്യം എന്റെ കണ്ണുകളിൽ തറഞ്ഞിരുന്നു..!!
സിസ്റ്റർ മാർഗരറ്റിന്റെ മൃതദേഹം തറയിലാണ് കിടന്നിരുന്നത്..
തറയിൽ ബോഡിയ്ക്ക് ചുറ്റുമായി രക്തം കലർന്ന നിലയിൽ എന്തോ ചിതറി കിടപ്പുണ്ടായിരുന്നു.
അവരുടെ പൊട്ടിയ തലയിൽ നിന്നും അപ്പോഴും ചോര വാർന്നൊഴുകുന്നുണ്ടായിരുന്നു എന്നത് എന്റെ ശ്രദ്ധയിൽ പെട്ടു..!
ആ രക്തത്തിൽ അവരുടെ മുഖത്തിന്റെ പൂർണ്ണമല്ലാത്ത പ്രതിബിംബം റിഫ്ളക്ട് ചെയ്തിരുന്നു..
മുഖം ഒരു വശത്തേക്ക് ചരിഞ്ഞ നിലയിൽ തറയിൽ കമിഴ്ന്നാണ് മൃതദേഹം കിടന്നിരുന്നത് എന്ന് മാത്രമല്ല അവരുടെ കണ്ണുകൾ രണ്ടും അടഞ്ഞിരുന്നില്ല..
രണ്ട് കൃഷ്ണമണികളിലും ദൈന്യഭാവം നിറഞ്ഞു നിൽക്കുമ്പോലെ തോന്നിയിരുന്നു.
അവർ കറുത്ത ശിരോവസ്ത്രമാണ് അണിഞ്ഞിരുന്നത്. വലത്തെ കൈ നീട്ടിപ്പിടിച്ച പോലെ കാണപ്പെട്ടിരുന്നു..
കൈക്കുള്ളിൽ ആരുടെയോ നേർക്ക് ചൂണ്ടിയ പോലെ ഒരു ചെറിയ വെള്ളിക്കുരിശും അതിൽ തറയ്ക്കപ്പെട്ട നിലയിലുള്ള യേശു ക്രിസ്തുവിന്റെ വളരെ ചെറിയ രൂപവും വ്യക്തമായി കാണാമായിരുന്നു.
അവരുടെ തലയ്ക്കു പിന്നിലായി മുടിയിഴകൾ തളം കെട്ടിക്കിടന്ന രക്തത്തിൽ കുതിർന്നു കിടക്കുന്നുണ്ടായിരുന്നു..
അലക്സി വിരൽ കൊണ്ട് ആ രക്തത്തിൽ ഒന്ന് തൊട്ടു നോക്കിയ ശേഷം അതിലേക്കു തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു.
ഞാൻ അവരെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു.
അവരൊരിക്കലും ഒരു കന്യാസ്ത്രീ ആണെന്ന് തോന്നിയിരുന്നില്ല.
അത്രയ്ക്കും സുന്ദരിയായിരുന്നു അവർ...
എന്നാൽ സൈമണിന്റെ മുഖഛായ തീരെയില്ലായിരുന്നു താനും...!
അലക്സി അവരുടെ മൃതദേഹം അനക്കാതെ തന്നെ തറയിലെ സിമന്റ് തറയിൽ അയാളുടെ മുഖം ചേർത്ത് വെച്ചു കൊണ്ട് വളരെ സൂക്ഷ്മതയോടെ എന്തോ നോക്കുന്നത് കണ്ടു.
"തലച്ചോർ ചിതറി തറയിൽ മുഴുവനും തെറിച്ചിട്ടുണ്ട്...!"
ഞാനൊന്നു ഞെട്ടി...
ഭീകരമായ കാഴ്ചയായിരുന്നു അത്.
റൂമിന്റെ ഫ്ലോറിൽ തലച്ചോറാണ് രക്തം കലർന്ന നിലയിൽ പലയിടത്തായി ചിതറി തെറിച്ചിരുന്നത്.
ആദ്യം കണ്ടപ്പോൾ എനിക്കത് എന്താണെന്നു പോലും മനസ്സിലായിരുന്നില്ല..!!!
അലക്സി മന്ത്രിച്ചു
"തലയോട്ടിയുടെ പിൻവശത്ത് മൂർച്ചയുള്ള എന്തോ ഒരായുധം കൊണ്ട് അതിശക്തമായി അടിച്ചിരുന്നിരിക്കണം..!"
അലക്സി അവരുടെ തലയിലെ കീറിയ തുണിക്കഷ്ണം പതിയെ മാറ്റിനോക്കി..
തലയോട്ടി പിളർന്ന ഗ്യാപ്പിലൂടെ പഞ്ഞി പോലുള്ള തലച്ചോർ രക്തത്തോടൊപ്പം പുറത്തേക്കു തെറിച്ചു നിൽക്കുന്നത് കാണാമായിരുന്നു.
ത്രികോണാകൃതിയിൽ ആയിരുന്നു ആഴത്തിലുള്ള ആ മുറിവ്..
ഞാൻ ചുവരിലേക്ക് നോക്കി.
രക്തം തെറിച്ചിരിക്കുന്നത് ഒരു പ്രത്യേക പാറ്റേണിലാണെന്നെനിക്ക് മനസിലായി.
ചുവരിലെ വലിയ പെൻഡുലം ക്ളോക്കിൽ പോലും രക്തം തെറിച്ചിരിക്കുന്നുണ്ട്.
അലക്സി റൂം മുഴുവനും അരിച്ചു പെറുക്കിത്തന്നെ പരിശോധന നടത്തി.
നിശബ്ദതയിൽ ഓരോരുത്തരും ശ്വാസം വിടുന്നത് പോലും വ്യക്തമായി കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
കൂട്ടത്തിൽ ക്ളോക്കിന്റെ പെൻഡുലത്തിൽ നിന്നുണ്ടാകുന്ന തുടർച്ചയായ ശബ്ദവും കൂടി ചേർന്ന് ആ ദാരുണമായ ദൃശ്യത്തിന്റെ ഭയാനകത അല്പം കൂടി വർധിപ്പിക്കുന്നത് പോലെ തോന്നി..
അലക്സി മുറിയുടെ വാതിൽ പരിശോധിച്ചു..
അതിന് യാതൊരു വിധ കേടുപാടുകളും ഉണ്ടായിരുന്നില്ല..!
സിഐ ഹഫ്സൽ റൂമിലേക്ക് കടന്ന് വന്നു..
അലക്സിയെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം അയാളും അവിടെയാകെ പരിശോധന നടത്തി.
റൂമിൽ പുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ഷെൽഫ് ഉണ്ടായിരുന്നു.
അഗതാക്രിസ്റ്റിയുടെയും ഷെർലക് ഹോംസിന്റെയും ഉൾപ്പെടെ നിരവധി നിരവധി ഡിറ്റക്ടീവ് നോവലുകൾ ഷെൽഫിൽ ഉണ്ടായിരുന്നു..
പക്ഷെ എല്ലാത്തിലും നല്ലത് പോലെ പൊടിപിടിച്ച് കിടക്കുകയായിരുന്നു..
അലക്സി അപ്പോഴും തറയിൽ മുട്ട് കുത്തിയിരുന്നു പരിശോധന നടത്തുന്നുണ്ടായിരുന്നു.
അയാൾ പെട്ടന്ന് മുഖമുയർത്തി ഹഫ്സലിനെ വിളിച്ചു..
"മിസ്റ്റർ ഇൻസ്‌പെക്ടർ.....!"
അലക്സിയുടെ ശബ്ദം മുറിയിൽ എക്കോയുടെ പിൻബലത്തോടെ മുഴങ്ങിക്കേട്ടു..
"യസ്... മിസ്റ്റർ...???"
പേരറിയാൻ വേണ്ടി അയാൾ മുഖം ചുളിച്ചു കൊണ്ട് അലക്സിയെ തന്നെ നോക്കി..
മുട്ടുകുത്തി ഇരുന്ന് കൊണ്ട് തന്നെ അലക്സി അയാൾക്ക് ഷെയ്ക്ക് ഹാൻഡ് കൊടുത്തു...
"അലക്സി.....!!"
"ഹഫ്സൽ...!!"
"സൊ വാട്ട് ക്യാൻ ഐ ടൂ ഫോർ യൂ മിസ്റ്റർ അലക്സി??"
"ഹഫ്സൽ.. ദിസ് ഫ്ലോർ കണ്ടൈൻസ് സെമെൻ ട്രെയ്‌സസ്..."
"വാട്ട് ...?"
ഞാനും ഒന്ന് പകച്ചു..
അലക്സി ഗൗരവത്തോടെ പറഞ്ഞു..
"അതെ ഹഫ്സൽ.. ഈ ഫ്ലോറിൽ ബീജത്തിന്റെ പ്രസൻസ് ഉണ്ട്.
ആൻഡ് ഇറ്റ് ഈസ് ഇൻ ലിക്വിഡ് ഫോം..
കുറച്ച് സമയത്തിന് മാത്രം മുമ്പ് എക്സ്ക്രീറ്റ് ചെയ്തിരിക്കുന്ന കുറച്ച് ഡ്രോപ്‌സ് ആണെന്ന് കരുതുന്നു...
അതായത് ബീജം അതിന്റെ എക്സ്ക്രീഷൻ സ്റ്റേജിൽ എത്ര സോളിഡ് ആണോ ആ തിക്ക്നെസ്സ് സമയം കഴിയുന്നതിനനുസരിച്ച് പതിയെ കുറഞ്ഞു കുറഞ്ഞു വരും. ഒടുവിൽ അതിന്റെ ഒരു 30% പേഴ്സന്റെജ് ഒഴിച്ചു ബാക്കിയെല്ലാം ദ്രവമായി മാറും.
ആ സ്റ്റേജിലുള്ള സെമെൻ ട്രെയ്‌സസിന്റെ പ്രസൻസ് ഈ ഫ്ലോറിലുണ്ട്.
അതിനർത്ഥം സെമെൻ എക്സ്‍ക്രീറ്റ് ചെയ്തിട്ട് കുറച്ച് സമയമായി എന്നതാണ്.
മേ ബീ....."
പൂർത്തിയാക്കാതെ അലക്സി ഒന്ന് നിർത്തി..
ഞങ്ങൾ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..
"ഷീ മേ ഹാവ് റേപ്പ്ഡ്...
അല്ലെങ്കിലയാൾ പ്രകൃതിവിരുദ്ധമായി എന്തോ ചെയ്തിരിക്കണം. ഇജാക്കുലേഷന്റെ ഫൈനൽ സ്റ്റേജിൽ അയാൾ പുറത്തേക്ക് എക്സ്ക്രീറ്റ് ചെയ്യിച്ചതാകാനേ വഴിയുള്ളൂ..
ഇൻസ്‌പെക്ടർ അലക്സി പറഞ്ഞത് കേട്ട് അന്തം വിട്ട് നിൽക്കുന്നുണ്ടായിരുന്നു.
അലക്സി തുടർന്നു.
"എന്ത് തന്നെ ആയാലും നമുക്ക് കൊലയാളിയിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നായിരിക്കണം ഈ സെമൻ ട്രെയ്‌സസ്. ഫോറൻസിക് പരിശോധനയ്ക്ക് വേണ്ടി ഇത് കളക്ട് ചെയ്യണം..!"
"ഓക്കേ സർ..."
"ഡോണ്ട് കാൾ മീ സർ മിസ്റ്റർ ഓഫീസർ..."
"ഓ... സോറി സർ... ഛേ...സോറി അലക്സി..."
ഞങ്ങൾ ചിരിച്ചു പോയി.
ഹഫ്സൽ സെമെൻ ട്രെയ്‌സസ് കളക്റ്റ് ചെയ്യാനുള്ള ജോലി കോൺസ്റ്റബിൾസിനെ ഏൽപ്പിച്ചു..
"മിസ്റ്റർ ഹഫ്സൽ, വേറെന്തെങ്കിലും എവിഡൻസ് ഞങ്ങൾ വരുന്നതിനു മുമ്പ് ഈ റൂമിൽ നിന്നും നിങ്ങൾക്ക് ലഭിച്ചിരുന്നോ ??"
"ഒരു ബസ് ടിക്കറ്റ് കിട്ടിയിരുന്നു...
ഒരു കെഎസ്ആർടിസി ബസ് ടിക്കറ്റ്...!!
ചിലപ്പോൾ അത് കൊലപാതകിയുടെ കയ്യിൽ നിന്നും മിസ്സ് ആയതാണെങ്കിലോ എന്ന് കരുതി....!"
"അതൊന്നു കാണാമോ ??"
അയാൾ കോൺസ്റ്റബിളിനെ നോക്കി അത് കൊണ്ടുവരാൻ ആംഗ്യം കാണിച്ചു.
കോൺസ്റ്റബിൾ ഒരു പ്ലാസ്റ്റിക് കവറിനുള്ളിലുള്ളിലാക്കിയ ആ ടിക്കറ്റ് എടുത്ത് കാണിച്ചു. അലക്സി അത് വാങ്ങി സൂക്ഷ്മതയോടെ നോക്കി..
ടിക്കറ്റിന്റെ ന്റെ വലത് വശത്തായുള്ള ഡേറ്റ് പരിശോധിച്ച ശേഷം അലക്സി പറഞ്ഞു
" ഇന്നുച്ചയ്ക്ക് 12.34 ന് എടുത്തൊരു ടിക്കറ്റാണിത്...
പാസഞ്ചർ സഞ്ചരിച്ചിരിക്കുന്നത് നിലമേൽ നിന്നും തിരുവനന്തപുരത്തേക്കാണ്..
ഈ എഴുതിയിരിക്കുന്നത് വായിച്ചു നോക്കൂ,
2 x 45=90
അതായത് ടിക്കറ്റ് എടുത്തയാൾ ഒറ്റയ്ക്കായിരുന്നില്ല യാത്ര ചെയ്തിരുന്നത്, കൂടെ മറ്റൊരാൾ കൂടിയുണ്ടായിരുന്നു എന്നർത്ഥം..
അലക്സി ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ദൂരം പരിശോധിച്ചു നോക്കിയ ശേഷം തുടർന്നു...
"നിലമേൽ നിന്നും തിരുവനന്തപുരം വരെ 45 km ദൂരമുണ്ട്. ഒരു ഫാസ്റ്റ് പാസഞ്ചർ ബസിന് ഏറ്റവും കുറഞ്ഞത് 1h 15 മിനിറ്റ് എങ്കിലും വേണ്ടി വരും ഈ ദൂരം സഞ്ചരിക്കാൻ..
അതായത് ഹഫ്സൽ പറഞ്ഞത് പോലെ കൊലയാളിയാണ് ഈ ടിക്കറ്റ് എടുത്തിരിക്കുന്നതെങ്കിൽ തീർച്ചയായും
അവർ ഉച്ചയ്ക്ക് രണ്ട് മണിയോടെ തമ്പാനൂർ സ്റ്റേഷനിൽ എത്തിയിട്ടുണ്ടാകും..
അങ്ങനെയാണെങ്കിൽ ഒരു കൊലപാതകി ചെയ്യുന്ന ആദ്യത്തെ കാര്യം ഈ പള്ളിയുടെ ഏകദേശം അടുത്തായിത്തന്നെ ഒരു റൂമെടുക്കുക എന്നതാണ്. അങ്ങനെ റൂം എടുത്ത കൊലയാളി രാത്രിയിൽ കോൺവെന്റിൽ പ്രവേശിച്ച് സിസ്റ്റർ മാർഗരറ്റിനെ വധിച്ച ശേഷം തൽക്ഷണം കോമ്പൗണ്ടിനു പുറത്ത് ചാടുകയും ചെയ്തു
എന്ന് തൽക്കാലം നമുക്കൊന്ന് കണക്ക് കൂട്ടാം...!
ഇതെത്രത്തോളം ശരിയാണ് എന്ന് നമുക്ക് പിന്നീട് കണ്ടെത്തുകയും ചെയ്യാം..!!
പക്ഷെ പള്ളിക്ക് സമീപത്തുള്ള എല്ലാ വാടകമുറികളിലും ലോഡ്ജുകളിലും ഒരന്വേഷണം നടത്തണം.
അങ്ങനൊരാൾ വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും നമുക്കയാളെ അധികം ബുദ്ധിമുട്ടാതെ തന്നെ പൊക്കാൻ പറ്റും."
"അല്ല സർ ലോഡ്ജുകളിലവർ മുറിയെടുത്തുവെങ്കിൽ തന്നെ പരമാവധി വ്യാജ ഐഡികളായിരിക്കില്ലേ ഉപയോഗിച്ചിട്ടുണ്ടാകുക ??പിന്നെങ്ങനെയാണ് നമുക്കവരെ കണ്ടു പിടിക്കാൻ സാധിക്കുക ??"
"നമുക്കവരുടെ പേരോ നാളോ ഒന്നുമല്ല ഹഫ്സൽ ഇപ്പോൾ വേണ്ടത്..
മറിച്ച് നമ്മൾ കണ്ടെത്തിയ സമയത്ത് അതായത് വൈകുന്നേരത്ത് ഒരാളായിട്ടോ ചിലപ്പോൾ രണ്ടുപേരായിട്ടോ ഈ ലൊക്കാലിറ്റിയിലെവിടെയെങ്കിലും മുറിയെടുത്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക മാത്രമാണ്.....
ഓക്കേ ??
"മനസിലായി അലക്സി....!"
"അതിന് ശേഷം മാത്രം ബാക്കിയുള്ള കാര്യങ്ങൾ നമുക്ക് തിരക്കി നോക്കാം...!
അതവിടെ നിൽക്കട്ടെ ഈ മുറിയിൽ ബസ് ടിക്കറ്റ് എവിടെ കിടന്ന നിലയിലാണ് നിങ്ങളുടെ കയ്യിൽ കിട്ടിയത് ??"
കോൺസ്റ്റബിൾ റൂമിലേക്ക് കയറി ആ ഷെൽഫിനുള്ളിലെ രണ്ടാമത്തെ തട്ടിലേക്ക് കൈ ചൂണ്ടി കാണിച്ചു.
പുസ്തകങ്ങൾക്ക് മുകളിൽ നിന്നായിരുന്നു അവർക്കാ ടിക്കറ്റ് ലഭിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലായി.
അലക്സി ഷെൽഫിലേക്ക് ഒന്നു നോക്കിയ ശേഷം, ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു.
"സോ നമ്മുടെ കണ്ടെത്തലുകൾ പൂർണമായും തെറ്റിയിരിക്കുന്നു...
ഈ ടിക്കറ്റ് നമ്മൾ നേരത്തെ പറഞ്ഞത് പോലെ കൊലപാതകിയുടേതാകാൻ ഒരു ശതമാനം പോലും സാധ്യതയില്ല എന്ന് തിരുത്തേണ്ടി വന്നിരിക്കുന്നു..!!
ഒന്നുകിൽ അത് മാർഗരറ്റ് തന്നെ യാത്ര ചെയ്ത ടിക്കറ്റാണ്, അല്ലെങ്കിൽ നമ്മളെ കേസിൽ നിന്നും വഴിതെറ്റിക്കാൻ വേണ്ടി കൊലപാതകി മറ്റാരോ യാത്ര ചെയ്ത ഒരു ടിക്കറ്റ് ഈ മുറിയിൽ ഉപേക്ഷിച്ചു പോയതാകാനും മതി.."
ഇൻസ്‌പെക്ടർ ഇടപെട്ടു
"അതെങ്ങനെ ശരിയാകും?? ഇത് ഇന്നത്തെ ദിവസം ആരോ എടുത്ത ടിക്കറ്റാണെന്ന് ഉറപ്പല്ലേ ?? എങ്കിൽ അത് കൊലയാളിയുടേതാകാനല്ലേ സാധ്യത കൂടുതൽ ??"
"ഒരിക്കലുമല്ല ഹഫ്സൽ..
ടിക്കറ്റ് കിട്ടിയ പൊസിഷൻ നിങ്ങൾ ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കൂ. അത് ഷെൽഫിനകത്ത് നിന്നുമാണ്... അല്ലേ ??
അതായത് പൊടി പിടിച്ചു കിടക്കുന്ന ഷെൽഫിനുള്ളിലെ രണ്ടാമത്തെ തട്ടിൽ നിന്നും..
ജോൺ, നിങ്ങൾ അവിടെ ചെന്നു നിന്ന് നിങ്ങളുടെ ഷർട്ടിലെ പോക്കറ്റിൽ നിന്നും ഒരു പേപ്പറെടുത്ത് പുറത്തേക്കിട്ടു നോക്കൂ..
നിങ്ങളുടെ ഷർട്ടിലെ പോക്കറ്റിനേക്കാൾ ഉയരത്തിലാണ് ഷെൽഫിലെ രണ്ടാമത്തെ തട്ട് നിൽക്കുന്നത്...!
ഏറ്റവും കുറഞ്ഞത് ഒരടിയെങ്കിലും കൂടുതൽ...!
ഒരു കാരണവശാലും നിങ്ങളുടെ പോക്കറ്റിൽ നിന്നും വീഴുന്ന ഒരു കടലാസും ഷെൽഫിനുള്ളിൽ വീഴില്ല...!
ഞാൻ ഷെൽഫിനു മുന്നിൽ ചെന്നു നിന്ന് ഒരു പേപ്പർ കഷ്ണം പോക്കറ്റിൽ നിന്നും വെളിയിലേക്കിട്ടു.
അത് പറന്നു തറയിൽ ചെന്നു വീണു..
ഞാൻ കുനിഞ്ഞു പേപ്പർ എടുത്തു കൊണ്ട് ഞാൻ പറഞ്ഞു
"ഇല്ല ഹഫ്സൽ...
അലക്സി പറഞ്ഞത് വളരെ കൃത്യമാണ്..
ഒരു കാരണവശാലും ഒരാളുടെ പോക്കറ്റിൽ നിന്നും ആ ടിക്കറ്റ് ഷെൽഫിനുള്ളിൽ പറന്നു വീഴില്ല...
ഇല്ലെങ്കിൽ പിന്നെ ഏഴടിയിൽ കൂടുതൽ പൊക്കമുള്ള ആരെങ്കിലുമായിരിക്കണം.."
അലക്സി ഇടയ്ക്ക് കയറി..
"ഇൻസ്‌പെക്ടർ, ഒന്നുകിൽ ആ ടിക്കറ്റ് കൊലപാതകി അന്വേഷണത്തെ വഴിതെറ്റിക്കാൻ വേണ്ടി മനഃപൂർവം ഷെൽഫിൽ വെച്ചതാണ്, അല്ലെങ്കിൽ അത് സിസ്റ്റർ മാർഗരറ്റ് തന്നെ യാത്ര പോയ ശേഷം കൊണ്ടുവന്നു വെച്ചതാണ്.
ഒരാൾ സ്വയം കൊണ്ട് വെയ്ക്കാതെ ആ ഷെൽഫിനുള്ളിൽ ഒരിക്കലും ഒരു ടിക്കറ്റ് അബദ്ധത്തിൽ വീഴില്ല.."
അയാൾ അദ്‌ഭുതത്തോടെ അലക്സിയെ നോക്കുകയായിരുന്നു.
"മനസിലായി അലക്സി..."
"ശരി എനിക്ക് ഇവിടുത്തെ മറ്റ് സിസ്റ്റർമാരോട് വളരെ പ്രധാനപ്പെട്ട കുറച്ചു ചോദ്യങ്ങൾ ചോദിക്കാനുണ്ട്."
അൽപ്പ സമയത്തിനുള്ളിൽ തന്നെ ആ കോൺവെന്റിലെ എല്ലാ സിസ്റ്റർമാരും അടുത്ത മുറിയിലേക്ക് എത്തപ്പെട്ടു.
അലക്സി മുറിയിലെ ലൈറ്റിന്റെ സ്വിച്ച് ഓണാക്കി..
"നിങ്ങൾ എപ്പോഴാണ് കൊലപാതകം നടന്നതായി അറിഞ്ഞത് ??"
സിസ്റ്റർ ലൂസിയാണ് മറുപടി പറഞ്ഞത്...
"പ്രഭാഷകൻ ജോർജ്ജ് മാത്യു കഴിഞ്ഞ ഞായറാഴ്ച നാലാഞ്ചിറപ്പള്ളിയിൽ നടത്തിയ പ്രഭാഷണത്തിന്റെ ഡിവിഡി കിട്ടിയത് കൊണ്ട് ഞങ്ങളെല്ലാം അച്ചനോടൊപ്പം ചാപ്പലിൽ അതും കണ്ടു കൊണ്ടിരിക്കുകയായിരുന്നു.
കണ്ടു തീർന്നു കോൺവെന്റിലേക്ക് മടങ്ങുന്നതിനിടയിലാണ് സിസ്റ്ററിന്റെ മുറിയിൽ നിന്നും വലിയൊരു നിലവിളി ശബ്ദം കേട്ടത്..
ഞങ്ങൾ ഓടി വന്നു റൂമിൽ നോക്കുമ്പോൾ സിസ്റ്റർ മാർഗരറ്റ് തലക്കടിയേറ്റ് രക്തത്തിൽ കുളിച്ചു തറയിൽ കിടക്കുന്നത് കണ്ടു. ഭയന്നു പോയ ഞങ്ങൾ അച്ചനെ വിവരമറിയിക്കാൻ വേണ്ടി കാൾ ചെയ്തു.
പക്ഷെ അച്ചൻ ഫോൺ അറ്റൻഡ് ചെയ്തില്ല.
തുടർന്ന് കപ്യാര് ദേവസിയേട്ടനെ വിളിച്ചു വിവരം ധരിപ്പിക്കുകയും അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ദേവസിച്ചേട്ടൻ അച്ചനുമായി ഇവിടെയെത്തുകയും ചെയ്തു.
പക്ഷെ അപ്പോഴേക്കും സിസ്റ്റർ മരിച്ചിട്ടുണ്ടായിരുന്നു."
"എന്തുകൊണ്ടാണ് സിസ്റ്റർ മാർഗരറ്റ് പ്രഭാഷണം കാണാൻ നിങ്ങളോടൊപ്പം വരാതിരുന്നത്?"
"ഇന്നലെ മുതൽ മാർഗരറ്റ് പുതിയൊരു മുറിയിലേക്ക് താമസം മാറണമായിരുന്നു.
എന്നാൽ വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്നതിനാൽ മുറി നിറയെ പൊടിയും വലയുമായിരുന്നു.
വൈകുന്നേരം മുതൽ മുറി വൃത്തിയാക്കിക്കൊണ്ടിരുന്നതിനാൽ സിസ്റ്റർ ഇന്ന് വരുന്നില്ല എന്ന് പറഞ്ഞിരുന്നു."
"ശരി... ചാപ്പലിൽ നിന്നും ഈ മുറിയിലേക്കെത്താൻ നിങ്ങൾ എത്ര സമയമെടുത്തിട്ടുണ്ടാകും ??"
"രണ്ട് മൂന്ന് മിനിറ്റ് വേണം ഇവിടേയ്ക്കെത്താൻ..."
"ശരി മാർഗരറ്റ് നിലവിളിച്ചത് എത്ര മണിക്കാണ് എന്ന് കൃത്യമായി ഓർക്കുന്നുണ്ടോ ??"
"ഇല്ല...!"
"ശരി നിങ്ങളുടെ ഫോണിലെ കാൾ രെജിസ്റ്റർ
എടുത്തിട്ട് നിങ്ങൾ എത്ര മണിക്കാണ് അച്ചനെ വിളിച്ചത് എന്ന് നോക്കൂ..."
അവർ നോക്കിയ ശേഷം 10.55 എന്ന് പറഞ്ഞു..
"സൊ ഏറ്റവും കുറഞ്ഞത് 10.50 നാണ് സിസ്റ്റർ മാർഗരറ്റിന്റെ തലയിൽ അടിയേറ്റതെന്ന് നമുക്കൂഹിക്കാം..
മാർഗരറ്റിന് ശത്രുക്കൾ ആരെങ്കിലും ഉണ്ടായിരുന്നതായി അറിയാമോ ??"
"എയ് സിസ്റ്റർക്ക് ശത്രുക്കൾ ആരും തന്നെ ഉണ്ടായിരുന്നില്ല..
അങ്ങനെ അധികം സംസാരിക്കാത്ത കൂട്ടത്തിൽ ആയിരുന്നു അവർ..
പക്ഷെ ആളിന് ഭയങ്കര ധൈര്യമാണ്.
ഭയം തീരെയില്ല..
എന്നാൽ തികഞ്ഞ ദൈവ വിശ്വാസവും ഉണ്ടായിരുന്നു.."
രണ്ട് മൂന്ന് സിസ്റ്റർമാർ ഇടയ്ക്കിടെ കുശുകുശുക്കുന്നുണ്ടായിരുന്നു..
അവർക്കെന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി.
അലക്സി തുടർന്നു...
"ഓക്കേ... നിങ്ങളിൽ ആർക്കെങ്കിലും സിസ്റ്റർ അധികമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നത് പോലെയൊ മറ്റോ തോന്നിയിട്ടുണ്ടോ ??"
ആ സിസ്റ്റർ തുടർന്നു..
"എയ് സിസ്റ്റർ അധികം ഫോൺ ഉപയോഗിക്കാത്ത ഒരാളാണ്...
പോരാത്തതിന് കയ്യിലുള്ള ഹാൻഡ്സെറ്റ് ആദ്യം ഇറങ്ങിയ നോക്കിയയുടെ ബേസിക് മോഡലായ 3110 ഉം..
ഞങ്ങൾ അതിനവളെ കളിയാക്കാറുമുണ്ട്..
വല്ലപ്പോഴും അവൾക്കൊരു കാൾ വരുന്നതാകട്ടെ അവളുടെ വീട്ടിൽ നിന്നും ആങ്ങളയും കുടുംബക്കാരും വിളിക്കുന്നതുമായിരുന്നു..!!"
ഹഫ്സൽ ചോദിച്ചു...
"ഇന്ന് ഉച്ചയ്ക്ക് സിസ്റ്റർ മാർഗരറ്റ് എവിടെയെങ്കിലും പോയിരുന്നോ ??"
"ഇല്ല... ഇന്നവർ ഇവിടെത്തന്നെ ഉണ്ടായിരുന്നു..
എങ്ങും പോയിട്ടില്ല....!"
അലക്സിയും ഇടപെട്ടു
"ശരി അവർക്ക് മറ്റാരെങ്കിലും സന്ദർശകരുണ്ടായിരുന്നോ ?? ഏതാണ്ട് ഉച്ച സമയത്തോ അതിന് ശേഷമോ ??"
"ഇല്ല... അങ്ങനെ ആരും വന്നിട്ടില്ല..."
"ഉറപ്പാണല്ലോ അല്ലേ ??"
"ഉറപ്പാണ്...ഇവിടെ ആര് ആരെക്കാണാൻ വന്നാലും എല്ലാവരും അറിയും.
അനുവാദം വാങ്ങാതെ ആർക്കും കോൺവെന്റ് മുറികളിലേക്ക് പോകാൻ പറ്റില്ല... അതാവിടുത്തെ നിയമം..!
"ഉം ശരി നിങ്ങൾക്ക് പോകാം..
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിപ്പിക്കും..."
അവർ മടങ്ങിപ്പോകാനായി തിരിഞ്ഞു..
നേരത്തെ തമ്മിൽ സംസാരിച്ച സിസ്റ്റർമാരിൽ ഒരാൾ അലക്സിയോടെന്തോ പറയാനുണ്ട് എന്ന രീതിയിൽ തിരിഞ്ഞു നോക്കി....!
അലക്സി എന്താണെന്ന് ചോദിച്ചപ്പോൾ മാത്രമാണ് അവർ മറുപടി പറഞ്ഞത്.
"സർ ഈ കോൺവെന്റിൽ ഇതിന് മുൻപും ഒരു കൊലപാതകം നടന്നിട്ടുള്ളതായി കേട്ടിട്ടുണ്ട്....!"
ഞങ്ങളൊന്നു ഞെട്ടി...
"അത് ഈ കോൺവെന്റ് നിർമ്മിച്ച സമയത്താണെന്നാണ് ഞങ്ങൾ കേട്ടിട്ടുള്ളത്...!"
ഞാൻ അലക്സിയെ ഏറുകണ്ണിട്ട് നോക്കി..
അയാളുടെ മുഖത്തും ഒരു ഞെട്ടലുണ്ടെന്ന് എനിക്ക് തോന്നി.
.....................................................................................................................................
ഡോയൽ ജൂനിയർ, രണ്ഞു കിളിമാനൂറിന്റെ കഥകൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയതിനാൽ പുസ്തകത്തിന്റെ വിപണനാർത്ഥം "സെന്റ് ജോൺസ് ചർച്ചിലെ കോൺവെന്റ് റൂം" തുടർന്നുള്ള ഭാഗങ്ങൾ എന്റെസൃഷ്ടിയുടെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു.
കഥ തുടർന്ന് വായിക്കുവാൻ "ഡോയൽ ജൂനിയറിന്റെ അലക്സി കഥകൾ" എന്ന പുസ്തകം ഓൺലൈൻ ആയി വാങ്ങാവുന്നത്ആണ്.
കഥാകാരനെ നേരിട്ട് ബന്ധപ്പെട്ടു പുസ്തകം വാങ്ങാനായി ഈ നമ്പറിൽ ബന്ധപ്പെടുക: 9567583490
-എന്റെ സൃഷ്ടി അഡ്മിൻസ്.
എഴുത്തുകാരനെ കുറിച്ച്

രഞ്ജു കിളിമാനൂർ : പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് കിളിമാനൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ.. പ്ലസ് ടു വരെ അവിടെ തുടർന്നു. കണക്കിനോട് പ്രണയം തോന്നിത്തുടങ്ങിയപ്പോൾ തന്നെ ബിരുദം കണക്കിൽ തന്നെ ആയിക്കോട്ടെ എന്ന് തീരുമാനമെടുക്കുകയായിരുന്നു.. അങ്ങനെ 2005-ൽ വർക്കല SN കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷം കറസ്പോണ്ടൻസായി പിജി ചെയ്തു. എന്നാൽ വീട്ടിലെ സാഹചര്യങ്ങൾ മോശമായതിനാൽ 3 മാസം കൊണ്ട് കോഴ്സ് പ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login